‘ഓഡ് ഓർ ഈവൻ?’- ‘ട്വൽത്ത് മാൻ’ ലൊക്കേഷനിൽ ഗെയിമുമായി മോഹൻലാൽ

May 24, 2022

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ മിസ്റ്ററി ത്രില്ലർ, ‘ട്വൽത്ത് മാൻ’ വിജയമായി മാറിയിരിക്കുകയാണ് . സിനിമ പ്രേക്ഷകരിൽ നിന്ന് വളരെയധികം പ്രശംസ നേടുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മോഹൻലാൽ തന്റെ സഹനടനായ ചന്തുനാഥിനൊപ്പം തൊണ്ണൂറുകളിലെ കുട്ടികളുടെ നൊസ്റ്റാൾജിക് ഗെയിമായ ‘ഓഡ്‌ ഓർ ഈവൻ’ കളിക്കുന്ന വിഡിയോയാണിത്.

മോഹൻലാലിന്റെ 62-ാം ജന്മദിനത്തോടനുബന്ധിച്ച് നടൻ ചന്തുനാഥ്‌ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് വിഡിയോ ആദ്യമായി പങ്കുവെച്ചത്. 35 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ചന്തുനാഥ്‌ മോഹൻലാലിനെ ‘ഓഡ് ഓർ ഈവൻ’ എന്ന ഗെയിമിന്റെ നിയമങ്ങൾ പഠിപ്പിക്കുന്നത് കാണാം. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ മോഹൻലാൽ ഗെയിമിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമായ ‘ട്വൽത്ത് മാൻ’ മോഹൻലാലിന്റെ കഥാപാത്രമായ ചന്ദ്രശേഖർ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ വികസിക്കുന്ന വിചിത്രമായ ഒരു സംഭവമാണ് പങ്കുവയ്ക്കുന്നത്. 11 സുഹൃത്തുക്കളുടെയും അവരുടെ ജീവിതപങ്കാളികളുടെയും കഥയാണ് ചിത്രം പറയുന്നത്.

2022 മെയ് 20-ന് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്‌ത സിനിമയിൽ സൈജു കുറുപ്പ്, ലിയോണ ലിഷോയ്, അനുശ്രീ, ശിവദ, ഉണ്ണി മുകുന്ദൻ, അനു മോഹൻ, നന്ദു, പ്രിയങ്ക നായർ, രാഹുൽ മാധവ്, അദിതി രവി, അനു സിത്താര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read also: ലാലേട്ടന് പിറന്നാൾ ആശംസയുമായി യുവി; ആഘോഷമാക്കി ആരാധകർ

അതേസമയം,  ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന മറ്റൊരു ചിത്രമാണ് റാം.  തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.

Story highlights- Mohanlal playing ‘Odd or Even’