ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുത്ത് കമൽഹാസൻ; വൻവരവേൽപ്പ് നൽകി ആരാധകർ, വിഡിയോ

May 27, 2022

തെന്നിന്ത്യ ഒട്ടാകെ ആരാധകരാറുള്ള ചലച്ചിത്രതാരമാണ് ഉലകനായകൻ കമൽഹാസൻ. തമിഴകത്തിന്റെ പ്രിയതാരം മലയാളികൾക്കും ഏറെ പ്രിയങ്കരനാണ്. താരം നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വിക്രം റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ താരം ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന മെഗാ ഷോയിൽ പങ്കെടുക്കുന്നതിനായി ഇൻസൈറ്റ് മീഡിയ സിറ്റിയുടെ മണീടുള്ള സ്റ്റുഡിയോയിൽ എത്തി. വലിയ സ്വീകരണത്തോടെയാണ് സ്റ്റുഡിയോയിൽ താരത്തെ സ്വീകരിച്ചത്.

വ്യവസായി മണിപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഹെലികോപറ്റർ എയർബസ് എച്ച് 145 ലാണ് കമൽഹാസൻ മണീട് എത്തിയത്. മണീട് ഇറങ്ങിയ അദ്ദേഹത്തെ ഫ്ളവേഴ്സ് മാനേജിങ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ, ജി സി ഒ ഒ അനിൽ അയിരൂർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തിന്റെ മുന്നിൽ നൃത്തച്ചുവടുകളുമായി ഒരു കൂട്ടം യുവാക്കളും എത്തി. പിന്നാലെ ആർപ്പുവിളികളും ആഘോഷങ്ങളുമായാണ് താരത്തെ വേദിയിലേക്ക് ഷോയുടെ അണിയറപ്രവർത്തകർ ചേർന്ന് സ്വീകരിച്ചത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയതാണ് കമൽഹാസൻ. മലയാളത്തോട് ഏറെ ചേർന്ന് നിൽക്കുന്ന താരം നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഇത്തവണ കേരളത്തിലെത്തിയത്. കമൽഹാസനൊപ്പം മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വിക്രം. ജൂണ്‍ 3 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Story highlights; Kamal Hassan with R SreekandanNair