അച്ഛൻ മകൾ ബന്ധത്തിന്റെ ആഴം പങ്കുവെച്ച് ഒരു പാട്ട്- ശ്രദ്ധനേടി ‘മകൾ’ സിനിമയിലെ ഗാനം
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ ഏപ്രിൽ 29 ന് ബിഗ് സ്ക്രീനുകളിൽ എത്തിയിരുന്നു. ഈ കുടുംബ ചിത്രത്തിന് ഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കൺമണിയേ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം മാതാപിതാക്കളുടെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ളതാണ്. ജയറാം അവതരിപ്പിക്കുന്ന നന്ദനും മകൾ അപർണ എന്ന അപ്പുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള മെലഡി ഗാനമാണിത്.
കൺമണിയെ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. രചന നിർവഹിച്ചിരിക്കുന്നത് ബികെ ഹരിനാരായണൻ ആണ്. പ്രദീപ് കുമാർ, കാർത്തിക വൈദ്യനാഥൻ എന്നിവർ ആലപിച്ചിരിക്കുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ ജയറാം, മീരാ ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നസ്ലെൻ, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീരാ നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്റെ വെള്ളിത്തിരയിലേക്കുള്ള വരവ് കൂടിയായിരുന്നു ഈ ചിത്രം. പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകരണമാണ് നടിക്ക് ലഭിച്ചത്.
റിലീസ് ദിവസം, മീരാ ജാസ്മിൻ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു; ‘മകൾ’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. ഈ നിമിഷം എത്ര വ്യക്തിപരമാണ്… എത്ര പരിപോഷിപ്പിക്കുന്നതും എത്ര ഹൃദ്യവുമാണ് എന്നതിനെ കുറിച്ചുള്ള എന്റെ ചിന്തകൾ ഞാൻ എഴുതുമ്പോൾ ഹൃദയം അളവറ്റ നന്ദിയും സ്നേഹവും കൊണ്ട് നിറഞ്ഞിരിക്കുന്നു. സത്യൻ അങ്കിളിനൊപ്പം സെറ്റിൽ തിരിച്ചെത്തിയപ്പോൾ, ഗൃഹപ്രവേശം പോലെ തോന്നി, ഈ അനുഭവവും യാത്രയും എന്നെന്നും ഹൃദയത്തോട് ചേർത്തു പിടിക്കും. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയിൽ അദ്ദേഹം എപ്പോഴും അചഞ്ചലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അദ്ദേഹത്തിന്റെ അഗാധമായ നിസ്സംഗ സാന്നിധ്യത്താൽ എല്ലായ്പ്പോഴും എന്റെ സത്തയെ സമ്പന്നമാക്കിയിട്ടുണ്ട്. എനിക്ക് ജൂലിയറ്റിനെ തന്നതിന് പ്രിയപ്പെട്ട സത്യൻ അങ്കിളിന് നന്ദി എന്റെ അത്ഭുതകരമായ ടീമിന് വലിയ സ്നേഹവും ആലിംഗനങ്ങളും . ഞങ്ങളുടെ സിനിമ ഇപ്പോൾ നിങ്ങളുടേതാണ്. സ്ക്രീനിൽ കാണാം.’- മീരയുടെ വാക്കുകൾ.
Story highlights- kanmaniye video song out now