ബാംഗ്ലൂർ-ചെന്നൈ മത്സരത്തിനിടെ ആർസിബി ആരാധകന് വിവാഹാഭ്യർത്ഥന; തൊട്ടടുത്ത പന്തിൽ പ്രപ്പോസൽ ആഘോഷമാക്കി കോൺവേയുടെ സിക്‌സർ- വിഡിയോ

May 5, 2022

ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ സ്റ്റേഡിയത്തിൽ രസകരമായ പല സംഭവങ്ങളും അരങ്ങേറുന്നത് സ്ഥിരം കാഴ്‌ചയാണ്‌. പലപ്പോഴും ഗ്രൗണ്ടിലുള്ള കളിക്കാർ അടക്കം ഇത്തരം സംഭവങ്ങളിൽ അതീവ രസകരമായ പ്രതികരണങ്ങളും നൽകാറുണ്ട്. ഇപ്പോൾ അത്തരം ഒരു രസകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പുനെ എംസിഎ സ്റ്റേഡിയം.

വിവിധ കായിക മത്സരങ്ങൾക്കിടയിൽ വിവാഹാഭ്യർത്ഥനകൾ നടക്കുന്നത് സ്ഥിരം സംഭവമാണ്. ക്രിക്കറ്റിലും ഇതിന് മുൻപും മത്സരങ്ങൾക്കിടയിൽ നടന്ന വിവാഹാഭ്യർത്ഥനകൾ ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന ബാംഗ്ലൂർ-ചെന്നൈ മത്സരത്തിനിടയിൽ നടന്ന ഒരു വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

വനിഡു ഹസരംഗ എറിഞ്ഞ 11–ാം ഓവറിലാണ് സംഭവം. ഓവറിലെ അവസാന പന്ത് എറിയുന്നതിന് മുൻപാണ് വിവാഹാഭ്യർത്ഥന നടന്നത്. ആർസിബി ആരാധകനായ യുവാവിനോട് ഗാലറിയിൽ മുട്ട് കുത്തി നിന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തായ യുവതി വിവാഹാഭ്യർത്ഥന നടത്തിയത്. വിവാഹത്തിന് സമ്മതം അറിയിച്ച യുവാവിന്റെ വിരലുകളിൽ യുവതി മോതിരമണിയിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇതിന് ശേഷമാണ് അതിലും രസകരമായ സംഭവം അരങ്ങേറുന്നത്. ഹസരംഗയുടെ തൊട്ടടുത്ത പന്ത് സിക്‌സറിന് പറത്തിയാണ് ചെന്നൈ താരം കോൺവേ പ്രപ്പോസൽ ആഘോഷമാക്കിയത്. വിവാഹാഭ്യർത്ഥന കോൺവേ ശ്രദ്ധിച്ചിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും അദ്ദേഹത്തിന്റെ സിക്‌സർ പ്രപ്പോസലിനെ ആഘോഷമാക്കുന്ന തരത്തിലുള്ളതായിരുന്നു.

Read More: 117 മീറ്ററിന്റെ കൂറ്റൻ സിക്‌സർ നേടി ലയാം ലിവിങ്സ്റ്റൺ; അത്ഭുതപ്പെട്ട് ഷമി, തലയിൽ കൈ വെച്ച് നായകൻ മായങ്ക് – വിഡിയോ

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 13 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീഴ്ത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 56 റണ്‍സെടുത്ത ഡെവോണ്‍ കോൺവേ ചെന്നൈക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ചെന്നൈയുടെ 3 വിക്കറ്റ് പിഴുത ഹർഷൽ പട്ടേൽ 2 വിക്കറ്റ് നേടിയ ഗ്ലെൻ മാക്സ്‌വെൽ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായകമായത്.

Story Highlights: Marriage proposal during chennai-bangalore ipl match