117 മീറ്ററിന്റെ കൂറ്റൻ സിക്‌സർ നേടി ലയാം ലിവിങ്സ്റ്റൺ; അത്ഭുതപ്പെട്ട് ഷമി, തലയിൽ കൈ വെച്ച് നായകൻ മായങ്ക് – വിഡിയോ

May 4, 2022

8 വിക്കറ്റിന്റെ വമ്പൻ വിജയമാണ് ഗുജറാത്തിനെതിരെ ഇന്നലെ പഞ്ചാബ് കിങ്‌സ് നേടിയത്. 16 ഓവറിൽ വെറും 2 വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം പഞ്ചാബ് മറികടന്നത്. 53 പന്തിൽ 62 റൺസുമായി പുറത്താകാതെ നിന്ന ശിഖർ ധവാന്റെയും അവസാന ഓവറിലെ ലയാം ലിവിങ്‌സ്റ്റണിന്റെ കൂറ്റനടികളുടെയും കരുത്തിലാണ് പഞ്ചാബ് വിജയം നേടിയെടുത്തത്.

ഗുജറാത്തിന്റെ സൂപ്പർ ബൗളർ മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ 28 റൺസാണ് ലിവിങ്സ്റ്റൺ അടിച്ചു കൂട്ടിയത്. 3 സിക്‌സറുകളും 2 ബൗണ്ടറികളും ഇതിൽ ഉൾപ്പെട്ടിരുന്നു.

ഈ ഓവറിൽ തന്നെയാണ് ലിവിങ്സ്റ്റൺ ഷമിയെ 117 മീറ്ററുള്ള കൂറ്റൻ സിക്‌സറിന് പറത്തിയത്. ഷമി എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തിലാണ് താരം ഈ സീസണിലെ ഏറ്റവും നീളമേറിയ സിക്‌സർ പറത്തി റെക്കോർഡിട്ടത്. ലിവിങ്സ്റ്റൺ സിക്‌സ് പറത്തുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബോളെറിഞ്ഞ ഷമി സിക്‌സ് പോവുന്നത് കണ്ട് അത്ഭുതപ്പെടുന്ന പ്രതികരണവും വിഡിയോയിൽ കാണാം. സിക്‌സ് കണ്ട പഞ്ചാബ് നായകൻ മായങ്ക് അഗർവാൾ തലയിൽ കൈ വെച്ചിരിക്കുകയായിരുന്നു.

Read More: ‘എന്ത് ചോദ്യമാണ് സുഹൃത്തേ..’; ഷെയ്ന്‍ വോണിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

അതേ സമയം പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്‍സെടുത്തത്. 50 പന്തിൽ 64 റൺസെടുത്ത സായ് സുദർശന്റെ മികവിലാണ് ഗുജറാത്ത് പഞ്ചാബിനെതിരെ 144 റൺസ് വിജയലക്ഷ്യം ഉയർത്തിയത്.

പഞ്ചാബിനായി 4 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 4 വിലപ്പെട്ട വിക്കറ്റുകൾ പിഴുത കാഗിസോ റബാഡയാണ് ഗുജറാത്തിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. റബാഡയ്ക്കൊപ്പം സന്ദീപ് ശർമയും ഋഷി ധവാനും ഒപ്പം ലിവിംഗ്‌സ്റ്റണും പഞ്ചാബ് ബൗളിംഗ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

Story Highlights: Liam livingston’s huge six against gujarat