വരുന്നു ഇതിഹാസത്തിന്റെ മൂന്നാം അധ്യായം; കെജിഎഫ് ചാപ്റ്റർ 3 ഒക്ടോബറിന് ശേഷം ഷൂട്ടിംഗ് തുടങ്ങുമെന്ന് നിർമ്മാതാവ്, റിലീസ് 2024 ൽ

May 14, 2022

കെജിഎഫ് 2 വിന്റെ അവിശ്വസനീയമായ വിജയത്തിന് ശേഷം ലോകമെങ്ങുമുള്ള ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടനെ തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കെജിഎഫിന്റെ നിർമ്മാതാവായ വിജയ് കിരഗന്ദൂര്‍ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്.

ഈ വർഷം ഒക്ടോബറോടെ കെജിഎഫ് ചാപ്റ്റർ 3 യുടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് നിർമ്മാതാവ് പറയുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ പ്രഭാസ് നായകനാവുന്ന ‘സലാർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സംവിധായകൻ പ്രശാന്ത് നീൽ. ഒക്ടോബറിന് മുൻപ് പ്രശാന്തിന് സലാറിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നും അതിന് ശേഷം ചാപ്റ്റർ 3 യുടെ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് കിരഗന്ദൂര്‍ പറഞ്ഞു.

ഒരു മാർവെൽ യൂണിവേഴ്‌സ് ശൈലിയിലാണ് ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുള്ളതെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. മാർവെൽ സിനിമകളായ ഡോക്ടർ സ്ട്രേഞ്ച് പോലെയോ സ്‌പൈഡർമാൻ നോ വേ ഹോം പോലെയോ ഉള്ള ഒരു ചിത്രമാണ് തങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. ഒക്ടോബറിന് ശേഷം ഷൂട്ടിംഗ് തുടങ്ങി 2024 ൽ ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ പദ്ധതിയെന്നും വിജയ് കിരഗന്ദൂര്‍ പറഞ്ഞു.

Read More: ‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’; മോഹൻലാലിൻറെ ഇരുപതാം നൂറ്റാണ്ടിന് ആദ്യമായി തിയേറ്ററുകളിൽ കരഘോഷം മുഴങ്ങിയിട്ട് ഇന്നേക്ക് 35 വർഷങ്ങൾ

അതേ സമയം കെജിഎഫ് 2 ലോകത്താകമാനം അമ്പരപ്പിക്കുന്ന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും പറയുന്നത്.

Story Highlights: Kgf 3 shooting confirmed