അച്ഛന്റെ സെക്കന്റ് ഹാൻഡ് സൈക്കിളും കുഞ്ഞുമോന്റെ ആഹ്ലാദവും- ഹൃദയംതൊട്ട കാഴ്ചകൾക്ക് പിന്നിൽ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനകീയമായതോടെ ദിവസവും ഒട്ടനവധി ചിത്രങ്ങളും വിഡിയോകളുമാണ് ഈ പ്ലാറ്റ്ഫോമിലൂടെ കാഴ്ചക്കാരിലേക്ക് എത്തുന്നത്. രസകരവും കൗതുകം നിറഞ്ഞതുമായ ചിത്രങ്ങൾക്കും വിഡിയോകൾക്കും പിന്നാലെ ചില ചിത്രങ്ങൾ ചിലപ്പോഴൊക്കെ കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം തൊടാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെറിയ കാര്യങ്ങളിലും വലിയ സന്തോഷം കണ്ടെത്തുന്നവരാണ് കുട്ടികൾ. അത്തരത്തിൽ ഒരു കുരുന്നിന്റെ വിഡിയോയാണിത്. സാമ്പത്തീകമായി വളരെയധികം പിന്നോക്കം നിൽക്കുന്നതാണ് ഈ കുട്ടിയും കുടുംബവും എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അങ്ങനെ ഒരു കുടുംബത്തിൽ നിന്നുള്ള ഈ കൊച്ചുകുട്ടി അവന്റെ അച്ഛൻ ഒരു സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങിയതിനെത്തുടർന്നുണ്ടായ സന്തോഷത്താൽ തുള്ളിച്ചാടുന്നതാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ കണ്ണുടക്കിയ ചിത്രങ്ങളിൽ ഉള്ളത്. കുഞ്ഞ് സന്തോഷത്താൽ തുള്ളിച്ചാടുമ്പോൾ അവന്റെ അച്ഛൻ ആ സൈക്കിൾ തൊട്ട് വണങ്ങുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
Read also: വഴിനീളെ പൊട്ടിവീണത് 2,50,000 മുട്ടകൾ- ദുരന്തമായൊരു ട്രക്ക് അപകടം
ഐ എ എസ് ഓഫീസറായ അവനീഷ് ശരണ്‍ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘ഇത് വെറുമൊരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിളാണ്. അവരുടെ മുഖത്തെ സന്തോഷം കാണൂ. പുതിയൊരു മെഴ്സിഡസ് ബെന്‍സ് കാറ് സ്വന്തമാക്കിയത് പോലെ ഇല്ലേ’ എന്ന അടിക്കുറുപ്പോടെയാണ് അവനീഷ് ശരണ്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. അതേസമയം വിഡിയോ ഇതിനോടകം നിരവധി ആളുകൾ ഷെയർ ചെയ്തുകഴിഞ്ഞു. ഈ കുഞ്ഞിന്റെ സന്തോഷം കണ്ട് കണ്ണുനിറയുന്നു എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. ഒപ്പം വലിയ ആഡംബരങ്ങളിലും സൗകര്യങ്ങളിലും ജീവിച്ചിട്ടും ചെറിയ കാര്യങ്ങളിൽ വലിയ പരാതികൾ പറയുന്ന നമ്മൾക്ക് ഈ കുരുന്ന് നൽകുന്നത് വലിയൊരു പാഠമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഒരുപാടുണ്ട്.
It’s just a second-hand bicycle. Look at the joy on their faces. Their expression says, they have bought a New Mercedes Benz.❤️ pic.twitter.com/e6PUVjLLZW
— Awanish Sharan (@AwanishSharan) May 21, 2022
Story highlights: kids’ priceless reaction after buying bicycle melt your hearts -viral video