പ്ലേ ഓഫ് പ്രതീക്ഷയോടെ ലഖ്‌നൗ, ജീവന്മരണ പോരാട്ടത്തിന് കൊൽക്കത്ത; ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗ-കൊൽക്കത്ത പോരാട്ടം
മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ കൊൽക്കത്തയെ നേരിടും. ഇന്നത്തെ മത്സരം കൂടി വിജയിച്ച് ഔദ്യോഗികമായി പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാവും ലഖ്‌നൗ ശ്രമിക്കുന്നത്. തോൽവി നേരിട്ടാൽ പോലും ലഖ്‌നൗവിന് പ്ലേ ഓഫ് സാധ്യതയുണ്ട്.
എന്നാൽ കൊൽക്കത്തയ്ക്ക് ഇന്ന് ജയിച്ചേ മതിയാവൂ. ഇന്നത്തെ മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൊൽക്കത്ത ഈ ഐപിഎല്ലിൽ നിന്ന് പുറത്താവും. അതിനാൽ തന്നെ ജീവന്മരണ പോരാട്ടത്തിനാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്.
വിൻഡീസ് താരം ആന്ദ്രേ റസ്സലിന്റെ ഓൾ റൗണ്ട് മികവിലാണ് കൊൽക്കത്തയുടെ പ്രതീക്ഷകളത്രയും. 13 കളിയില്‍ നിന്ന് 330 റൺസ് നേടിയിട്ടുള്ള റസ്സൽ 17 വിക്കറ്റുകളും പിഴുതിട്ടുണ്ട്. നായകന്‍ ശ്രേയസ് അയ്യരുടെ മങ്ങിയഫോമിലാണ് കൊല്‍ക്കത്തയുടെ ആശങ്ക. പാറ്റ് കമ്മിന്‍സിന് പിന്നാലെ അജിന്‍ക്യ രഹാനെയ്ക്ക് കൂടി പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്.
അതേ സമയം നായകൻ കെ എൽ രാഹുൽ ബാറ്റിങ്ങിലും മുന്നിൽ നിന്ന് ടീമിനെ നയിക്കുമെന്നാണ് ലഖ്‌നൗ ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ സീസണില്‍ രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും നായകന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികവിലേക്കുയരാനായിട്ടില്ല. ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനവും ലഖ്‌നൗവിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. അതേ സമയം ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പണ്ഡ്യ എന്നീ താരങ്ങളുടെ പ്രകടനത്തിൽ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്.
Read More: ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്; ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ…
രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും ലഖ്‌നൗവിന് 16 പോയിന്റുകളുണ്ട്. അതിനാൽ തന്നെ ഇന്ന് കൊൽക്കത്തയ്ക്കെതിരെ തോറ്റാലും ലഖ്‌നൗ പ്ലേ ഓഫിലേക്ക് പ്രവേശിക്കും. എന്നാൽ തോറ്റാല്‍ ഒന്നാം ക്വാളിഫയറിലെത്താനുള്ള അവസരം നഷ്ടമാകും. അതിനാൽ തന്നെ ഇന്ന് കൊൽക്കത്തയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താനാവും ലഖ്‌നൗ ശ്രമിക്കുന്നത്.
Story Highlights: Lucknow vs kolkata ipl match today