ജോൺ ലൂഥറിന്റെ ആവേശകരമായ യാത്ര- മേക്കിംഗ് വിഡിയോ പങ്കുവെച്ച് ജയസൂര്യ

May 24, 2022

ജയസൂര്യ നായകനായ ‘ജോൺ ലൂഥർ’ മെയ് 27 ന് തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. ഒരു ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ഒരു അപകടത്തെ തുടർന്ന് ഏകപക്ഷീയമായി കേൾവിക്കുറവ് സംഭവിച്ച ഒരു പോലീസ് ഓഫീസറായാണ് ജയസൂര്യ എത്തുന്നത്. റിലീസിന് മുന്നോടിയായി, ജയസൂര്യ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പങ്കിട്ടു. കൂടാതെ ടീമിനൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചും വിഡിയോയിൽ പങ്കുവയ്ക്കുന്നു.

2019ലാണ് ജോൺ ലൂഥറിന്റെ കഥ ആദ്യമായി കേൾക്കുന്നതെന്നും ഷൂട്ടിംഗ് നന്നായി ആസ്വദിച്ച ചിത്രമാണിതെന്നും ജയസൂര്യ പറയുന്നു. സംവിധായകൻ അഭിജിത്ത് ജോസഫിന്റെ കഥപറച്ചിൽ ആകർഷിച്ചെന്നും മിടുക്കരായ ഒട്ടനവധി താരങ്ങൾ ചിത്രത്തിലുണ്ടെന്നും നടൻ പറയുന്നു.’ സിദ്ധിഖ് ഇക്കയുമായി ഞാൻ വീണ്ടും ഒന്നിക്കുന്നു. ആത്മിയയ്‌ക്കൊപ്പമുള്ള എന്റെ ആദ്യ ചിത്രമാണിത്. പ്രേക്ഷകരുടെ സ്പന്ദനം അറിയാവുന്ന ഷാൻ റഹ്മാനാണ് ഞങ്ങളുടെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്,’ ജയസൂര്യ വിഡിയോയിൽ പറഞ്ഞു.

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ‘ജോൺ ലൂഥർ’ ഒരു ത്രില്ലർ ചിത്രമാണെന്നാണ് സൂചന. ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടറായാണ് ജയസൂര്യ എത്തുന്നത്. ജോൺ ലൂഥർ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. ജോൺ ലൂഥർ അന്വേഷിച്ച രണ്ട് ക്രൈം കേസുകളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറുന്നത്. ഏറെ നാളുകൾക്ക് ശേഷം ജയസൂര്യ ത്രില്ലറുമായി എത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷ ഏറെയാണ്.

Read Also: വഴിനീളെ പൊട്ടിവീണത് 2,50,000 മുട്ടകൾ- ദുരന്തമായൊരു ട്രക്ക് അപകടം

ദീപക്, സിദ്ദിഖ്, ദൃശ്യ രഘുനാഥ്, ആത്മീയ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നാറിലെ ദേവികുളത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്ത റോബി വർഗീസ് രാജാണ് ജോൺ ലൂഥറിന്റെ ഛായാഗ്രാഹകൻ. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് വിഭാഗത്തിന് നേതൃത്വം നൽകിയ ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു.

Story highlights- Making of John Luther