ടെസ്റ്റിൽ ഒന്നിക്കുന്നത് പ്രിയതാരങ്ങൾ; മേക്കിങ്ങ് വിഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ!

February 7, 2024

സിനിമ പ്രേമികൾക്കിതാ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്ത കൂടി. ആർ.മാധവൻ, നയൻതാര, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവർ ചേർന്നഭിനയിക്കുന്ന ചിത്രം ‘ടെസ്റ്റ്’ അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ക്രിക്കറ്റ് പ്രമേയമാക്കി നിർമിക്കുന്ന ചിത്രം 2024 ലെ വേനൽ റിലീസുകളിൽ ഒന്നാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ബിടിഎസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കൾ. (Making Video of ‘Test’ Movie released)

ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്ര നിർമ്മാതാവ് എസ്. ശശികാന്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടെയാണ് ‘ടെസ്റ്റ്’. തിരശീലയിൽ കാണാൻ പോകുന്ന ചിത്രത്തിന്റെ ചില ഭാഗങ്ങളാണ് മേക്കിങ്ങ് വിഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

മലയാളത്തിന്റെ സ്വന്തം മീരാ ജാസ്മിൻ വർഷങ്ങൾക്ക് ശേഷം തമിഴിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മാധവൻ, നയൻതാര, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരെ ടെസ്റ്റ് റാപ്പ് വിഡിയോയിൽ കാണാം. പ്രധാന അഭിനേതാക്കളുടെ മേക്കപ്പ് രംഗങ്ങളും എസ്. ശശികാന്ത് അവരുമായി സംവദിക്കുന്നതുമാണ് മേക്കിങ്ങ് വിഡിയോയിൽ കാണുന്നത്.

Read also: ‘മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക്’; ആവേശഭരിതമായ കഥയുമായി ‘മഞ്ഞുമ്മൽ ബോയ്സ്’!

വിഡിയോയിൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിന്നുള്ള രംഗങ്ങളും ചിത്രം ചിത്രീകരിച്ച വിശാലമായ ക്യാൻവാസും പ്രദർശിപ്പിക്കുന്നുണ്ട്. വിഡിയോയുടെ ഒടുവിലായി സിദ്ധാർഥ് പ്രത്യക്ഷപ്പെടുകയും “ടെസ്റ്റിന്റെ ഷൂട്ടിങ്ങ് അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവരെയും തിയറ്ററിൽ കാണാം” എന്നും പറയുന്നുണ്ട്.

‘വൈ നോട്ട്’ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ക്രിക്കറ്റിനും, മനുഷ്യബന്ധങ്ങൾക്കും, സംഗീതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ്. ഏപ്രിൽ മാസമാണ് ചിത്രം പ്രദർശനത്തിനെത്തുക.

Story highlights: Making Video of ‘Test’ Movie released