തമിഴിലും ഹിറ്റായി മഞ്ജു വാര്യരുടെ കിം കിം പാട്ട്; ഒപ്പം യോഗി ബാബുവും- വിഡിയോ

May 18, 2022

മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ് മഞ്ജു വാര്യർ. ഒരേസമയം അഭിനേതാവും നർത്തകിയും ഗായികയുമാണ് നടി. മലയാള സിനിമയിൽ പിന്നണി ഗായികയായി ശ്രദ്ധനേടിയിട്ടുള്ള മഞ്ജു വാര്യർ ഇപ്പോൾ തമിഴിലും ചുവടു വെച്ചിരിക്കുകയാണ്. ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ ‘കിം കിം’ എന്ന ഗാനം വളരെയേറെ ശ്രദ്ധനേടിയിരുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രത്തിലെ ഗാനമാണിത്. മലയാളത്തിൽ ‘ജാക്ക് എൻ ജിൽ’ എന്നും തമിഴിൽ ‘സെന്റീമീറ്റർ’ എന്നും ചിത്രത്തിന് പേരിട്ടു. തമിഴിലും ഈ ഗാനം ആലപിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

‘കാന്ത തൂകുന്നു തൂമനം’ എന്ന പഴയ നാടൻ പാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ‘കിം കിം’. രാം സുരേന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്, തമിഴ് വരികൾ എഴുതിയിരിക്കുന്നത് ലളിതാനന്ദാണ്. മലയാളത്തിലെ വരികൾ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ്. മലയാളം ഗാനം നേരത്തെ തന്നെ ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു, തമിഴ് പതിപ്പും മലയാളം ഗാനം പോലെ രസകരമാണ്.

Read Also: ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത

പ്രമുഖ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജാക്ക് എൻ ജിൽ’. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. തമിഴിൽ യോഗി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ടീസറും ട്രെയിലറും ഏതാനും ഗാനങ്ങളും അണിയറപ്രവർത്തകർ ഇതിനോടകം പുറത്തിറക്കി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം മെയ് 20ന് റിലീസ് ചെയ്യും.

Story highlights- Manju Warrier records her first Tamil song