ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത

May 11, 2022

ടിക് ടോക്ക് വിഡിയോകൾ ജനപ്രിയമായിട്ട് കാലം കുറച്ചായി. ഇന്ത്യയിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ടെക് ലോകത്ത് ഏറെ ശ്രദ്ധനേടിയതാണ് ടിക് ടോക്ക്. ഇപ്പോഴിതാ ബഹിരാകാശത്തും ശ്രദ്ധനേടിയിരിക്കുകയാണ് ടിക് ടോക്ക് വിഡിയോകൾ. യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ എസ് എ) ബഹിരാകാശ യാത്രികയായ സാമന്ത ക്രിസ്റ്റോഫെറിയാണ് ബഹിരാകാശത്ത് നിന്നുമുള്ള ആദ്യ ടിക് ടോക്ക് വിഡിയോയ്ക്ക് പിന്നിൽ.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ വെച്ചാണ് സാമന്ത വിഡിയോ പോസ്റ്റ് ചെയ്തത്. ഏപ്രിൽ 27 നാണ് സാമന്ത ബഹിരാകാശ നിലയത്തിലെത്തിയത്. സ്‌പേസ് എക്സിന്റെ ക്രൂ- 4 ദൗത്യത്തിന്റെ ഭാഗമായാണ് സാമന്ത ഇത്തവണ ബഹിരാകാശ നിലയത്തിലെത്തിയത്. ആറുമാസത്തോളമാണ് സാമന്ത ഇവിടെ ഉണ്ടാവുക. ഇവിടെ നിന്നുമുള്ള ആദ്യ വിഡിയോ മെയ് അഞ്ചിനാണ് സാമന്ത പോസ്റ്റ് ചെയ്‌തത്‌. ‘ഇതുവരെ ഒരു ടിക് ടോക്കറും പോയിട്ടില്ലാത്ത സ്ഥലത്തേക്ക് പോകാൻ എന്നെ പിന്തുടരൂ’ എന്ന ക്യാപ്‌ഷനോടെയാണ് ബഹിരാകാശനിലയത്തിൽ നിന്നുമുള്ള ആദ്യ വിഡിയോ സാമന്ത പുറത്തിറക്കിയത്.

Read also: ആ രഹസ്യം ഇനി നാട്ടുകാർ കൂടി അറിയട്ടെ; അമൃതവർഷിണിയുടെ പെർഫെക്റ്റ് സിംഗിങ്ങിന് പിന്നിലെ കാരണം ചോദിച്ച് എംജി…

ബഹിരാകാശ നിലയത്തിലെ തന്റെ സുഹൃത്തുക്കളെക്കുറിച്ചും അവിടുത്തെ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ പറയുന്ന സാമന്ത സിപ്പി എന്ന പേരുള്ള പ്ലാഷ് ആമയേയും ഏറ്റ എന്ന കുരങ്ങിനെയും വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബഹിരാകാശത്ത് നിന്നുമുള്ള സാമന്തയുടെ ആദ്യ വിഡിയോ പുറത്തുവന്നത്. ഇതോടെ ടിക് ടോക്ക് വിഡിയോ ചെയ്ത് ചരിത്രത്തിൽ തന്നെ ഇടം നേടിയിരിക്കുകയാണ് സാമന്ത. ലോകത്ത് തന്നെ ഇതാദ്യമാണ് ബഹിരാകാശത്ത് നിന്നും ഒരു ടിക് ടോക്ക് വിഡിയോ ചെയ്തിരിക്കുന്നത്.

Story highlights; Samantha creates history with first TikTok video from Space Station