അസുരനിൽ ധനുഷിന്റെ നായിക- ഇനി അജിത്തിനൊപ്പം മഞ്ജു വാര്യർ

May 6, 2022

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിടുന്നത്. ‘എകെ 61’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത്തിനൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നത്.

സംവിധായകൻ എച്ച് വിനോദാണ് ചിത്രമൊരുക്കുന്നത്. അജിത്ത് തുടർച്ചയായി മൂന്നാം തവണയും എച്ച് വിനോദിനൊപ്പം സഹകരിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു. ‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും മുൻപ് ഒന്നിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ‘എകെ 61’ ഒരു ത്രില്ലറാണ്, കൂടാതെ വമ്പൻ ബജറ്റിലാണ് ചിത്രം ഒഒരുങ്ങുന്നത്. ചെന്നൈ മൗണ്ട് റോഡിന്റെ ഒരു വലിയ സെറ്റും ഹൈദരാബാദ് സ്റ്റുഡിയോയിൽ ഒരു ബാങ്കും ‘എകെ 61’ ന്റെ നിർമ്മാതാക്കൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, എകെ 61ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം അജിത്ത് വിഘ്നേഷ് ശിവന്റെ പ്രൊജക്ടിൽ ജോയിൻ ചെയ്യും.

അതേസമയം, പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിന്റെ റിലീസിനായി മഞ്ജു വാര്യർ ഇപ്പോൾ കാത്തിരിക്കുകയാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ഇത്. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. അഞ്ജലി മേനോൻ ചിത്രം ‘മഞ്ചാടിക്കുരു’വിന് വിവരണം നൽകിയതും പൃഥ്വിരാജ് ആയിരുന്നു. നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിര ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Story highlights- Manju Warrier signs her second Tamil movie