ശബ്‌ദം കൊണ്ട് ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നവരുടെ പച്ചയായ ജീവിതം, കൈയടി നേടി ജയസൂര്യ; ‘മേരി ആവാസ് സുനോ’- റിവ്യൂ

May 15, 2022

ശബ്ദം കൊണ്ട് മറ്റുള്ള മനുഷ്യരുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് വരുന്നവരാണ് എഫ് എം ആർജെകൾ. ടെൻഷനിലൂടെയും കടുത്ത പിരിമുറുക്കത്തിലൂടെയും കടന്ന് പോകുന്ന മനുഷ്യർക്ക് അൽപ നേരത്തെ ആശ്വാസം നൽകുന്നവരായ ആർജെകൾ പലപ്പോഴും സമൂഹത്തിൽ പോസിറ്റീവ് എനർജി പടർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നവർ കൂടിയാണ്. അങ്ങനെയുള്ള ഒരു ആർജെയുടെ പച്ചയായ ജീവിതമാണ് സംവിധായകൻ പ്രജേഷ് സെൻ ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൽ വരച്ചിടുന്നത്.

ശബ്ദമാണ് ഒരു ആർജെയുടെ വ്യക്തിത്വം. ശബ്ദത്തിലൂടെയാണ് ഒരു ആർജെയെ ആളുകൾ തിരിച്ചറിയുന്നത്. അത്തരത്തിൽ ശബ്‌ദം പൂർണമായും തന്റെ വ്യക്തിത്വമായി മാറിയ ഒരാളാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന ആർജെ ശങ്കർ. തന്റെ ശബ്ദത്തിലൂടെ മാത്രം ആളുകൾ തന്നെ തിരിച്ചറിഞ്ഞാൽ മതിയെന്ന് ആഗ്രഹിക്കുന്ന ഒരാൾ.

തന്നെ കേട്ട് കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ സന്തോഷവും പോസിറ്റീവ് വൈബും കൊണ്ട് വരുന്ന ആർജെ ശങ്കർ ഒരു നിർണായക ഘട്ടത്തിൽ തന്റെ വ്യക്തിത്വം തന്നെ വെല്ലുവിളി നേരിടുന്ന ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കും. ജീവിതം ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോകുന്ന ഒരു സമയത്ത് അയാൾ നേരിടുന്ന ഈ പ്രശ്‌നത്തോടുള്ള അയാളുടെ സമീപനമാണ് ചിത്രത്തിന്റെ കേന്ദ്ര കഥാതന്തു. തന്റെ കരിയറിനും കുടുംബ ജീവിതത്തിനുമെല്ലാം വെല്ലുവിളിയാവുന്ന ഈ പ്രശ്‌നത്തെ ശങ്കർ എങ്ങനെ നേരിടുന്നുവെന്നുള്ളതാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പറയുന്നത്.

അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് നടൻ ജയസൂര്യ ചിത്രത്തിൽ കാഴ്‌ചവെച്ചിരിക്കുന്നത്. മികച്ച അഭിനയത്തിലൂടെ കഥാപാത്രം കടന്ന് പോകുന്ന സംഘർഷങ്ങളും വേദനയും വളരെ ശക്തമായി തന്നെ പ്രേക്ഷകരിലേക്കെത്തിക്കാൻ ജയസൂര്യക്ക് കഴിഞ്ഞു. ശങ്കറിന്റെ ഭാര്യയെ ചിത്രത്തിൽ അവതരിപ്പിച്ച ശിവദയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.

മലയാള സിനിമയിലെ ഏറ്റവും മികച്ച നടീ നടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ‘മേരി ആവാസ് സുനോ’യ്ക്കുണ്ട്. ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ എത്തി കഥാഗതിയിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്ന രശ്‌മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് മഞ്ജു വാര്യർ തന്റെ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read More: വരുന്നു ഇതിഹാസത്തിന്റെ മൂന്നാം അധ്യായം; കെജിഎഫ് ചാപ്റ്റർ 3 ഒക്ടോബറിന് ശേഷം ഷൂട്ടിംഗ് തുടങ്ങുമെന്ന് നിർമ്മാതാവ്, റിലീസ് 2024 ൽ

ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മേരി ആവാസ് സുനോ.’ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന തിരിച്ചടികളിൽ തളരാതെ അത്തരം പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിട്ട് മുന്നോട്ട് പോവുന്ന മനുഷ്യർക്കുള്ള സമർപ്പണമാണ് ചിത്രം. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരേ പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ‘മേരി ആവാസ് സുനോ.’

Story Highlights: ‘Meri Awas Suno’ movie review