ഇരുപത്തിമൂന്നാം ആഴ്ചയിൽ 0.45 കിലോഗ്രാം ഭാരവുമായി ജനിച്ചു; വിരലോളം മാത്രം വലിപ്പമുള്ള കയ്യും കാലും- അത്ഭുത ശിശുവിന്റെ അതിജീവനകഥ
ശാസ്ത്രലോകത്തിന്റെ വളർച്ച മനുഷ്യജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഒട്ടേറെ ആളുകൾക്ക് അതിമാരകമായ അവസ്ഥകളിൽ നിന്നും തിരികെയെത്താൻ ഇങ്ങനെ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അതിജീവനത്തിലൂടെ അത്ഭുതപ്പെടുത്തുകയാണ് ഒരു കുഞ്ഞു പെൺകുട്ടി. ജനിച്ചപ്പോൾ വെറും 0.45 കിലോ ഭാരവും വിരലിന്റെ വലുപ്പമുള്ള കൈകാലുകളുമുള്ള ഒരു ‘അത്ഭുത കുഞ്ഞ്’.. ഇപ്പോഴിതാ,ജനിച്ച് 10 മാസത്തിനുള്ളിൽ ആരോഗ്യമുള്ള ഒരു മിടുക്കിയായി മാറി.
എൽസി എന്നാണ് പെൺകുട്ടിയുടെ പേര്. കുട്ടിയുടെ ജനനസമയത്തെ ഭാരം ഒരു പയർവിത്തിനോളം തുല്യമായിരുന്നു. ഏകദേശം 17 ആഴ്ച കൂടി പ്രസവത്തിനായി ബാക്കിനിൽക്കെയാണ് എൽസി ജനിച്ചത്. ജനനശേഷം കുഞ്ഞിനെ ലൈഫ് സപ്പോർട്ടിൽ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നിലനിർത്തി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിൽ 70 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചു. റിപ്പോർട്ട് പ്രകാരം കുഞ്ഞിന് ഇപ്പോൾ 10 മാസം പ്രായമുണ്ട്, ആരോഗ്യം പ്രാപിക്കുന്നുമുണ്ട്.
എൽസിയുടെ അമ്മ കാറ്റിക്ക് ഗർഭത്തിന്റെ എട്ടാം ആഴ്ചയിൽ സബ്കോറിയോണിക് ഹെമറ്റോമ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിൽ ആശങ്ക വന്നത്. ആരോഗ്യനില ഗുരുതരമായതിനാൽ, ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്ന് ഭയന്ന് ഡോക്ടർമാർ മരുന്നുകളൊന്നും നൽകിയില്ല. കാറ്റിയുടെ ഗർഭത്തിൻറെ 23-ാം ആഴ്ചയിലാണ് എൽസി പിറന്നത്. അതിജീവിക്കാനുള്ള സാധ്യത നാലിൽ ഒന്ന് മാത്രമാണ് അന്ന് ഉണ്ടായിരുന്നത്.
Read Also: ചുവടുകൾ കിറുകൃത്യം; കുഞ്ഞു നൈറ്റിയണിഞ്ഞ് രസികൻ ‘പുഷ്പ’ നൃത്തവുമായി ഒരു മിടുക്കി- വിഡിയോ
എൽസിയെ ഏകദേശം 70 ദിവസത്തോളം വെന്റിലേറ്ററിൽ സൂക്ഷിച്ചു. 2021 ഒക്ടോബറിൽ ആരോഗ്യവതിയാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതോടെ കാറ്റിയെയും ഭർത്താവിനെയും വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാൻ അനുവദിച്ചു. ഇപ്പോൾ ആരോഗ്യത്തോടെയിരിക്കുന്ന എൽസിയുടെ അതിജീവനകഥയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
Story highlights- miracle baby weighed 0.45 kg at birth