‘മണി ഹീസ്റ്റ്’ കൊറിയൻ പതിപ്പ് എത്തുന്നു; കഥയിലും ചരിത്രം സൃഷ്‌ടിച്ച മുഖംമൂടിയിലും അടിമുടി മാറ്റം- ട്രെയ്‌ലർ

May 20, 2022

ജനപ്രീതി നേടിയ സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹീസ്റ്റ്'(ലാ കാസ ഡി പെപൽ). സീരിസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗവും എത്തിയിട്ട് മാസങ്ങൾ പിന്നിടുന്നു. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ, ‘മണി ഹീസ്റ്റ്’ കൊറിയൻ പതിപ്പ് വരുന്നു. കൊറിയൻ റീമേക്ക് “മണി ഹീസ്റ്റ്: കൊറിയ – ജോയിന്റ് ഇക്കണോമിക് ഏരിയ” എന്ന പേരിലാണ് എത്തുന്നത്. സീരിസിന്റെ ട്രെയ്‌ലർ എത്തി.

ഇന്നത്തെ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും വിഭജിച്ചിരിക്കുന്ന ഒരു സാങ്കൽപ്പിക ജോയിന്റ് ഇക്കണോമിക് ഏരിയയുടെ ഉത്ഭവത്തെ കുറിച്ച് ട്രെയിലർ ചർച്ചചെയ്യുന്നു. ഇങ്ങനെയൊരു പുനരേകീകരണത്തിന്റെ ലക്ഷ്യം എല്ലാ പൗരന്മാർക്കും പ്രയോജനം ചെയ്യാനും ഒരു പൊതു കറൻസി സ്ഥാപിക്കാനുമാണ്. എന്നാൽ യഥാർത്ഥത്തിൽ, സമ്പന്നർ മാത്രമാണ് കൂടുതൽ സമ്പന്നരായത് എന്ന സത്യം തിരിച്ചറിയുന്നത് ഏതാനും ആളുകൾ മാത്രമാണ്.

സീരിസിന്റെ യഥാർത്ഥ പതിപ്പ് പോലെ ഒരു കൂട്ടം വ്യക്തികൾ പ്രൊഫസറുടെ പരിശീലനത്തിന് കീഴിൽ ഒത്തുകൂടുന്നു, അവിടെ അവർ ഒരു ചരിത്രം സൃഷ്ടിക്കുന്ന കവർച്ചയുടെ തന്ത്രങ്ങൾ പഠിക്കുന്നു. ഇത്രയുമാണ് ട്രെയിലറിൽ ഉള്ളത്. കൊറിയൻ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് കിം ഹോങ്-സൺ ആണ്. നെറ്റ്ഫ്ലിക്സിനായി BH എന്റർടൈൻമെന്റും സിയം കണ്ടന്റും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ട്രെയിലറിൽ തിരിച്ചറിയാൻ സാധിക്കും – യൂ ജി-ടേ ആണ് പ്രൊഫസറായി എത്തുന്നത്. ജുങ് ജോങ്-സിയോ ടോക്കിയോ ആയും ,’സ്‌ക്വിഡ് ഗെയിമി’ലെ പാർക്ക് ഹേ-സൂ ബെർലിൻ ആയും എത്തുന്നു. സ്പാനിഷ് സീരിസിലെ റെഡ് ജംപ്‌സ്യൂട്ടുകളിലാണ് കൊറിയൻ താരങ്ങളും എത്തുന്നത്. എന്നാൽ മാസ്കിൽ മാറ്റമുണ്ട്.സാൽവഡോർ ഡാലി മുഖംമൂടികൾക്ക് പകരം ഹഹോ മാസ്കുകളാണ് താരങ്ങൾ ധരിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ജൂൺ 24 ന് ആദ്യഭാഗം എത്തും.

Story highlights- Money Heist: Korea – Joint Economic Area Teaser Trailer