നായകൻ രോഹിത്തിനെ നഷ്‌ടമായി മുംബൈ, വിജയലക്ഷ്യം 166 റൺസ്

May 9, 2022

ടോസ് നേടിയിട്ടും കൊൽക്കത്തയെ ബാറ്റിങിനയച്ച മുംബൈയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്‌ചവെച്ചത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 165 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് എടുക്കാൻ കഴിഞ്ഞത്.

മറുപടി ബാറ്റിങ്ങിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ 6 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 36 റൺസാണ് മുംബൈ എടുത്തിരിക്കുന്നത്.

ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയെ തകർത്തത്. 4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റാണ് ബുമ്ര നേടിയത്. ഒരു മെയ്‌ഡിൻ ഓവർ കൂടി ഉൾപ്പെടുന്നതായിരുന്നു ബുമ്രയുടെ സ്പെൽ. ആന്ദ്രെ റസ്സൽ, ഷെൽഡൻ ജാക്സൻ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരെയാണു ബുമ്ര പുറത്താക്കിയത്.

24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയും മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കൊൽക്കത്തയുടെ മധ്യനിര ബാറ്റർമാർ ബുമ്രയുടെ മുൻപിൽ പകച്ച് നിൽക്കുന്നതാണ് മത്സരത്തിൽ കണ്ടത്.

Read More: ‘കണക്ക് എനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ല’; പ്ലേ ഓഫ് സാധ്യതകളെ പറ്റി ചോദിച്ചപ്പോൾ ചിരി പടർത്തി ധോണിയുടെ മറുപടി

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം രമണ്‍ദീപ് മുംബൈ ടീമിലെത്തുകയായിരുന്നു. സൂര്യകുമാറിന് ഈ സീസണിലെ മറ്റ് മത്സരങ്ങളും നഷ്‌ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അതേ സമയം 5 മാറ്റങ്ങളുമായിട്ടാണ് കൊൽക്കത്ത ടീം ഇന്നിറങ്ങിയത്. വെങ്കടേഷ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമിന്‍സ്, അജിങ്ക്യാ രഹാനെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്ത നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Story Highlights: Mumbai needs 166 runs to win