അവസാന പന്തിലേക്ക് നീണ്ട ആവേശം; ഗുജറാത്തിനെ 5 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

May 6, 2022

അവസാന പന്തിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത് 6 റൺസായിരുന്നു. ഇതിന് മുൻപും അവസാന പന്തുകളിൽ അദ്‌ഭുതം കാണിച്ചിട്ടുള്ള ടീമാണ് ഗുജറാത്ത്. അത് കൊണ്ട് തന്നെ അവസാന പന്ത് ഗാലറിയിലേക്ക് പറത്തി ഗുജറാത്ത് വീണ്ടും വിജയക്കൊടി പാറിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതിയിരുന്നത്.

എന്നാലിന്ന് മുംബൈയുടെ ദിവസമായിരുന്നു. അവസാന 2 പന്തുകളും നേരിട്ടത് സൂപ്പർ താരം ഡേവിഡ് മില്ലറായിരുന്നു. പക്ഷെ 2 പന്തുകളും തൊടാൻ പോലും താരത്തിന് കഴിഞ്ഞില്ല. ഒടുവിൽ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 5 റൺസിന് മുംബൈയോട് തോൽക്കുകയായിരുന്നു. 55 റൺസെടുത്ത വൃദ്ധിമാൻ സാഹയും 52 റൺസെടുത്ത ശുഭ്മാൻ ഗില്ലും ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിറങ്ങിയ മുംബൈ മികച്ച സ്‌കോറാണ് നേടിയത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്ത മുംബൈ ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും ഇഷാൻ കിഷന്റെയും മികവിലാണ് ഗുജറാത്തിനെതിരെ മികച്ച വിജയലക്ഷ്യം ഉയർത്തിയത്.

45 റൺസെടുത്ത ഇഷാൻ കിഷനും 43 റൺസെടുത്ത രോഹിത് ശർമയും തകർപ്പൻ പ്രകടനമാണ് ആദ്യ ഓവറുകളിൽ ഗുജറാത്തിനെതിരെ കാഴ്‌ചവെച്ചത്. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ 24 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് നേടിയത്.

Read More: ‘എനിക്ക് വയ്യ നിങ്ങളുടെ കൂടെ ഓടാൻ…’; ആരാധകരുടെയിടയിൽ ചിരി പടർത്തി കോലി-മാക്‌സ്‌വെൽ സംഭാഷണം

ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ഗുജറാത്ത് ടൈറ്റൻസിന് പ്ലേ ഓഫിൽ കയറാൻ കഴിയുമായിരുന്നു. എന്നാൽ മത്സരത്തിൽ തോറ്റതോടെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്ത് ഇനിയും കാത്തിരിക്കേണ്ടി വരും.

Story Highlights: Mumbai won by 5 runs against gujarat