അതിജീവനത്തിന്റെ കഥയുമായി നയൻ താരയ്ക്കൊപ്പം ജാഫർ ഇടുക്കി- സസ്പെൻസുകൾ നിറച്ച് ടീസർ

May 16, 2022

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരം നയൻതാര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഒ 2’വിന്റെ ടീസർ റിലീസ് ചെയ്തു. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ നയൻതാരയ്‌ക്കൊപ്പം ജാഫർ ഇടുക്കിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സസ്പെൻസ് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഎസ് വിഘ്‌നേശ് ആണ്.

അപകടത്തിൽപ്പെട്ട് ഒരു ബസ് അഗാധമായ താഴ്ചയിലേക്ക് പോകുന്നതും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള യാത്രക്കാരുടെ പോരാട്ടവുമാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ടീസറിൽ നിന്ന് വ്യക്തമാകുന്നതും ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഡ്രീം വാരിയേഴ്‌സ് പിക്ച്ചർ നിർമ്മിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക.

വെള്ളിത്തിരയിൽ തിരക്കുള്ള നായികയാണ് നയൻതാര. താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം കാത്തുവാക്കുള്ളെ രണ്ടു കാതൽ ആണ്. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രത്തിൽ വിജയ് സേതുപതി, സാമന്ത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്‌നേഷ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ. ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, മുഹമ്മദ് മോബി, പ്രഭു, കലാ മാസ്റ്റർ, എം. ഇദയകല, സീമ, റെഡിൻ കിംഗ്സ്ലി അർനോൾഡ്, ലോലു സഭാ മാരൻ, മാസ്റ്റർ ഭാർഗവ് സുന്ദർ എന്നിവരും അഭിനയിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Read also: എട്ടാം നിലയിലെ ജനാലയിൽ കുടുങ്ങി മൂന്ന് വയസുകാരൻ, അതിസാഹസീകമായി രക്ഷിച്ച് യുവാവ്- ഭീതിനിറച്ച് വിഡിയോ

അതേസമയം നയൻതാരയുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള താരത്തിന്റെ വിവാഹം ഈ വർഷം ജൂണിൽ ഉണ്ടാകും എന്ന തരത്തിലാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.

Story highlights: Nayanthara O2 Official Teaser