ദിവസങ്ങൾക്കുള്ളിൽ കണ്ടത് 63 ലക്ഷം പേർ; യൂട്യൂബിൽ വമ്പൻ ഹിറ്റായി ‘ഒടിയന്റെ’ ഹിന്ദി പതിപ്പ്
മോഹൻലാലിൻറെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ‘ഒടിയൻ.’ വലിയ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്ന ചിത്രത്തിനെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ തിയേറ്ററുകളിൽ ഏറ്റെടുത്തത്. മലയാളത്തിൽ അത് വരെ കാണാത്ത ദൃശ്യ വിസ്മയങ്ങളുമായിട്ടാണ് ഒടിയൻ വെള്ളിത്തിരയിലെത്തിയത്.
ചിത്രത്തിന്റെ മേക്കിങ്ങിനെ പറ്റി ഒരു വിഭാഗം പ്രേക്ഷകരിൽ നിന്നും നെഗറ്റീവ് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ഒടിയൻ മാറുകയായിരുന്നു. 100 കോടി ക്ലബ്ബിൽ കയറിയ അപൂർവ്വം മലയാള സിനിമകളിലൊന്ന് കൂടിയാണ് ചിത്രം.
മലയാളത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ഈ അടുത്ത സമയം വരെ ഒടിയന്റെ പേരിലായിരുന്നു. കേജിഎഫ് 2 ആണ് ഈ റെക്കോർഡ് ഭേദിച്ചത്. കെജിഎഫ് 2 കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കു മുകളില്‍ നേടി എന്നാണ് കണക്കുകള്‍. മുന്‍പ് ഒടിയന് മാത്രമാണ് 7 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു.
ഇപ്പോൾ ഒടിയൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ഏപ്രിൽ 23 നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ റിലീസ് ചെയ്തത്. യുട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. വമ്പൻ പ്രതികരണമാണ് ചിത്രത്തിന് യൂട്യൂബിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. വെറും 10 ദിവസം കൊണ്ട് 63 ലക്ഷം പേരാണ് ഒടിയന്റെ ഹിന്ദി പതിപ്പ് കണ്ടത്.
Read More: സിനിമ സ്റ്റൈലിൽ ആക്ഷൻ ഹീറോ; കാത്തുനിന്നവരെ അമ്പരപ്പിച്ച് ഓട്ടോയിൽ വന്നിറങ്ങി സുരേഷ് ഗോപി
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിച്ച ‘ഒടിയൻ’ സംവിധാനം ചെയ്തിരിക്കുന്നത് വി എ ശ്രീകുമാര്‍ മേനോനാണ്. മോഹൻലാലിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഒടിയനിൽ അണിനിരന്നിരുന്നു.
Story Highlights: Odiyan hindi dubbed version huge hit in youtube