സിനിമ സ്റ്റൈലിൽ ആക്ഷൻ ഹീറോ; കാത്തുനിന്നവരെ അമ്പരപ്പിച്ച് ഓട്ടോയിൽ വന്നിറങ്ങി സുരേഷ് ഗോപി

May 2, 2022

താരങ്ങൾ പ്രേക്ഷകരിൽ നിന്ന് അകന്നു നിന്ന് മാസ്സ് കാണിച്ച കാലം പോയി. ഇപ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നവരാണ് പ്രേക്ഷകർക്ക് യഥാർത്ഥ താരങ്ങൾ. വെള്ളിത്തിരയിൽ തങ്ങൾ ഏറെ ഇഷ്ടത്തോടെ കാണുന്ന താരങ്ങൾ തങ്ങളുടെ ഇടയിൽ ഒരു സാധാരണക്കാരനെ പോലെ നിൽക്കുന്നത് വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാണുന്നത്.

ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള സിനിമ താരമാണ് സുരേഷ് ഗോപി. രാജ്യസഭാ എംപി കൂടിയായിരുന്ന അദ്ദേഹം വർഷങ്ങളായി ജനങ്ങളുമായി അടുത്തിടപഴകി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നയാളായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ പല പ്രവർത്തികളും സമൂഹമാധ്യമങ്ങളിൽ വലിയ കൈയടി ഏറ്റുവാങ്ങിയിരുന്നു.

അത്തരത്തിൽ മറ്റൊരു സംഭവത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എറണാകുളത്ത് ഒരു പ്രോഗ്രാം ഉദ്‌ഘാടനം ചെയ്യാൻ അദ്ദേഹം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതാണ് ആളുകൾക്ക് കൗതുകമായത്. കാറിൽ സഞ്ചരിച്ചാൽ എറണാകുളത്തെ ബ്ലോക്കിൽ കൃത്യ സമയത്ത് ഉദ്‌ഘാടനത്തിന് എത്താൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് അദ്ദേഹം യാത്ര ഓട്ടോയിലാക്കിയത്.

അദ്ദേഹത്തിന്റെ കാർ കാത്തുനിന്ന പ്രോഗ്രാമിന്റെ സംഘാടകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു താരം ഓട്ടോയിൽ വന്നിറങ്ങിയത്. സ്ഥലത്ത് എത്തിയതിന് ശേഷമാണ് ഓട്ടോ ഡ്രൈവർ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Read More: ഇത് ഒറ്റക്കൊമ്പന്റെ കൊമ്പ്; സമൂഹമാധ്യമങ്ങളിൽ വൈറലായി സുരേഷ് ഗോപിയുടെ പുതിയ ലുക്ക്

അതേ സമയം കഴിഞ്ഞ ദിവസവും സുരേഷ് ഗോപി വാർത്തകളിൽ നിറഞ്ഞിരുന്നു. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായത്. ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം കാത്തുസൂക്ഷിച്ച നേരത്തെ വലിയ ശ്രദ്ധ നേടിയ നരച്ച താടിയുള്ള ലുക്ക് മാറ്റി അദ്ദേഹം പുതിയ ലുക്കിൽ എത്തിയതാണ് ആരാധകർക്ക് ആവേശമായത്. താടി വടിച്ച് മീശ ഇരുവശങ്ങളിലേക്കും ചുരുട്ടി വച്ച നടന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. രാജ്യസഭാ എംപി എന്ന നിലയില്‍ തന്‍റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്‍റെ പുതിയ ചിത്രവും പങ്കുവെച്ചത്.

Story Highlights: Suresh gopi surprises everyone by riding in an auto