ഇത് ഒറ്റക്കൊമ്പന്റെ കൊമ്പ്; സമൂഹമാധ്യമങ്ങളിൽ വൈറലായി സുരേഷ് ഗോപിയുടെ പുതിയ ലുക്ക്

May 1, 2022

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് പ്രിയനടൻ സുരേഷ് ഗോപി. ഒരു തലമുറയെ മുഴുവൻ ഹരം കൊള്ളിച്ച ആക്ഷൻ ഹീറോയായ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഇടിവെട്ട് ഡയലോഗുകൾ പ്രേക്ഷകർക്ക് മനഃപാഠമാണ്. ഒരായിരം വട്ടം ഓരോ മലയാളിയും പ്രിയ നടന്റെ ഡയലോഗുകൾ ജീവിതത്തിൽ ആവർത്തിച്ചിട്ടുണ്ടാവും.

രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ സുരേഷ് ഗോപി കഴിഞ്ഞ കുറച്ചു നാളുകളായി വീണ്ടും സിനിമയിൽ സജീവമാണ്. മികച്ച സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന് കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗം ആയിട്ടുണ്ട് സുരേഷ് ഗോപി. പല ചിത്രങ്ങളിലെയും അദ്ദേഹത്തിന്റെ വ്യത്യസ്തമായ ലുക്കുകളും പ്രേക്ഷകർക്ക് വലിയ ആവേശമായി മാറിയിട്ടുണ്ട്.

ഇപ്പോൾ സുരേഷ് ഗോപിയുടെ മറ്റൊരു ലുക്കാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത്. ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം കാത്തുസൂക്ഷിച്ച നേരത്തെ വലിയ ശ്രദ്ധ നേടിയ നരച്ച താടിയുള്ള ലുക്ക് മാറ്റിയാണ് അദ്ദേഹം ഇപ്പോൾ പുതിയ ലുക്കിൽ എത്തിയിരിക്കുന്നത്. താടി വടിച്ച് മീശ ഇരുവശങ്ങളിലേക്കും ചുരുട്ടി വച്ച നടന്റെ ലുക്ക് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. രാജ്യസഭാ എംപി എന്ന നിലയില്‍ തന്‍റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്‍റെ പുതിയ ചിത്രവും പങ്കുവെച്ചത്.

“ഒരു രാജ്യസഭാ എംപി എന്ന നിലയില്‍ എന്‍റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ കൊണ്ട് എന്‍റെ കൈകള്‍ക്ക് കരുത്തും എന്‍റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു”- ചിത്രം പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More: ‘മമ്മൂക്കാ..’; ആർപ്പുവിളിച്ചും ചിത്രം പകർത്തിയും വിദേശികളും- ബുർജ് ഖലീഫയിൽ സേതുരാമയ്യരുടെ മുഖം തെളിഞ്ഞപ്പോൾ- വിഡിയോ

അതേ സമയം ജോഷിയുടെ ‘പാപ്പൻ’ നവാഗതനായ മാത്യൂസ് തോമസിന്റെ ‘ഒറ്റക്കൊമ്പൻ’ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തു വരാനിരിക്കുന്ന സിനിമകൾ.

Story Highlights: Suresh gopi new viral look