വളർത്തുനായയുടെ സമയോചിത ഇടപെടൽ; വന്യമൃഗത്തിന്റെ ഉപദ്രവത്തിൽനിന്നും യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി
വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇപ്പോഴിതാ വളർത്തുമൃഗത്തിന്റെ സമയോചിത ഇടപെടൽ മൂലം ജീവൻ രക്ഷപ്പെട്ടതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഒരു യുവതി. എറിൻ വിൽസൺ എന്ന യുവതിയാണ് തന്റെ ജീവൻ രക്ഷിച്ച വളർത്തുനായ ഈവയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. കഴിഞ്ഞ ദിവസം ഒരു നദിക്കരയിലൂടെ വളർത്തുനായയ്ക്കൊപ്പം നടക്കുകയായിരുന്നു എറിൻ. അതിനിടെയിലാണ് അപ്രതീക്ഷിതമായി ഒരു പർവത സിംഹം ഇവരെ ആക്രമിക്കാൻ എത്തിയത്.
സിംഹത്തിന്റെ ആക്രമണത്തിൽ എറിന്റെ തോളിൽ വലിയൊരു മുറുവുണ്ടായി ഈ സമയം അലറിക്കരഞ്ഞ എറിന്റെ അടുത്തേക്ക് ഓടിയെത്തിയ ഈവ പെട്ടന്നുതന്നെ സിംഹവുമായി ഏറ്റുമുട്ടാനൊരുങ്ങി. എന്നാൽ ഈ സമയം എറിൻ സിംഹത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പർവത സിംഹത്തിന്റെ ശ്രദ്ധ മുഴുവൻ നായയിലായി. നായയെ ആക്രമിക്കാൻ തുടങ്ങിയതോടെ എന്ത് ചെയ്യണം എന്നറിയാതിരുന്ന എറിൻ ഈവയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉടൻതന്നെ അടുത്ത് ആൾതാമസമുള്ള സ്ഥലത്തേക്ക് ഓടിയെത്തി സിംഹത്തിൽ നിന്നും നായയെ രക്ഷിക്കുന്നതിനായി ആളുകളുടെ സഹായം അഭ്യർത്ഥിച്ചു.
അങ്ങനെ ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ നായയെ പർവത സിംഹത്തിൽ നിന്നും എറിനും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ ഈ ആക്രമണത്തിൽ നായയുടെ താടിയെല്ലിനും തലയ്ക്കും മുറിവ് സംഭവിച്ചിരുന്നു. ഉടൻതന്നെ ഇവയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചു. സിംഹത്തിന്റെ ആക്രമണത്തിൽ മുറിവേറ്റതിൽ നിന്നും ഇപ്പോൾ ഇവ സുഖം പ്രാപിച്ചുവരുന്നതേയുള്ളു.
അതേസമയം തനിക്ക് ഇത്രയും സ്നേഹമുള്ള നായയെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് എറിൻ. ഇവയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ തന്റെ ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു എന്നാണ് എറിൻ പറയുന്നത്.
Story highlights: pet dog saves Owner from mountain lion attack