ആകാംക്ഷ നിറച്ച് ‘പുഴു’ വിന്റെ ട്രെയ്‌ലർ എത്തി; നിഗൂഢതകൾ ഒളിപ്പിച്ച് മമ്മൂട്ടിയുടെ കഥാപാത്രം

May 1, 2022

മലയാള സിനിമ പ്രേക്ഷകർ ഇന്നേറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘പുഴു.’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകരിൽ ആവേശമായി മാറിയ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. നവാഗതയായ രതീന സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇതാദ്യമായാണ് മമ്മൂട്ടിയും പാർവതിയും ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. ടീസറിലേത് പോലെ തന്നെ നിഗൂഢതകൾ പലതും ഒളിപ്പിച്ച് തന്നെയാണ് ട്രെയ്‌ലറും എത്തിയിരിക്കുന്നത്. ഒരു ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മമ്മൂട്ടിയുടെ അസാമാന്യ പ്രകടനമാണ് ചിത്രത്തിലുള്ളത് എന്നാണ് ട്രെയ്‌ലറിൽ വ്യക്തമാവുന്നത്.

ദുൽഖർ സൽമാന്റെ വേഫെയറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്. എസ് ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കും പാർവതിക്കുമൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

സോണി ലിവിലൂടെ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മെയ് 13 നാണ് ചിത്രത്തിന്റെ റിലീസ്. നേരത്തെ ദുൽഖർ സൽമാൻ ചിത്രം ‘സല്യൂട്ടും’ സോണി ലിവിലൂടെ ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്.

Read More: ഇത് ഒറ്റക്കൊമ്പന്റെ കൊമ്പ്; സമൂഹമാധ്യമങ്ങളിൽ വൈറലായി സുരേഷ് ഗോപിയുടെ പുതിയ ലുക്ക്

അതേ സമയം ‘സിബിഐ 5’ ആണ് മമ്മൂട്ടിയുടെ ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രം. പ്രേക്ഷകരുടെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയെടുത്തിരിക്കുന്നത്. ആരാധകരും നിരൂപകരും ഒരേ പോലെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്ക് ശേഷം എത്തിയ ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

Story Highlights: Puzhu trailer release