‘അടിക്കുറിപ്പ് ആവശ്യമില്ല’- മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് പി വി സിന്ധു

ആരാധകർക്ക് അവരുടെ പ്രിയ താരങ്ങളെ കാണാൻ സാധിക്കുന്നത് എപ്പോഴും ആവേശം പകരുന്ന ഒന്നാണ്. പ്രസിദ്ധരായവർ അവരുടെ ആരാധനാപാത്രങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്ന ഒന്നാണ്. ഇപ്പോഴിതാ, ഒളിമ്പിക്സ് മെഡൽ ജേതാവ് പിവി സിന്ധു മോഹൻലാലിനൊപ്പമുള്ള ജിമ്മിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ഗോവയിലെ ഒരു ജിമ്മിൽ വെച്ച് മോഹൻലാലിനെ കണ്ടതിന്റെ ആവേശത്തിലായിരുന്നു പിവി സിന്ധു. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട്, പി വി സിന്ധു എഴുതി, “അടിക്കുറിപ്പ് ആവശ്യമില്ല. മോഹൻലാൽ സാറിനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്’.പിവി സിന്ധുവിന്റെ പോസ്റ്റ് ഉടൻ തന്നെ ആരാധകരുടെ ശ്രദ്ധനേടി. ‘നിങ്ങൾ രണ്ടുപേരും ഇതിഹാസങ്ങളാണ്’ എന്നാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.
മുമ്പ് ആദ്യമായി ഇന്ത്യയ്ക്കായി ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി പിവി സിന്ധു ചരിത്രം സൃഷ്ടിച്ചപ്പോൾ, ഇതിഹാസ താരം മോഹൻലാലും മമ്മൂട്ടിയും പിവി സിന്ധുവിന് അഭിനന്ദന സന്ദേശങ്ങൾ പങ്കിട്ടിരുന്നു. അതേസമയം, മോഹൻലാൽ ഇപ്പോൾ തന്റെ വരാനിരിക്കുന്ന കന്നി സംവിധാന സംരംഭമായ ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ്.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസിന്റെ തിരക്കഥാകൃത്ത് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഫെയിം ജിജോ പുന്നൂസാണ്. മോഹൻലാലിന്റെ കന്നി സംവിധാന സംരംഭത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് മുതിർന്ന സംവിധായകൻ സന്തോഷ് ശിവനാണ്.
‘ബറോസ്’ മുമ്പ് ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഇത് റീഷൂട്ട് ചെയ്യേണ്ടിവന്നു. അതിന്റെ ഫലമായി അഭിനേതാക്കളുടെ നിരയിലും മാറ്റങ്ങൾ സംഭവിച്ചു. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന പൃഥ്വിരാജ് സുകുമാരൻ ഡേറ്റ് പ്രശ്നങ്ങൾ കാരണം പ്രോജക്റ്റിൽ നിന്ന് പിന്മാറി.
Story highlights- PV Sindhu meets Mohanlal at the gym