‘അവൻ ഇന്ത്യൻ ടീമിലെത്തേണ്ടവൻ..’; യുവതാരത്തെ പ്രശംസിച്ച് രവി ശാസ്ത്രിയും ഇർഫാൻ പത്താനും
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മിന്നുന്ന ജയമാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെതിരെ നേടിയത്. ഇരു ടീമുകളും കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത മത്സരത്തിൽ 3 റൺസിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് ജയിച്ചത്. ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
44 പന്തിൽ 76 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദിന് വമ്പൻ സ്കോർ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. ഇന്നലത്തെ മത്സരത്തിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ത്രിപാഠി തന്നെയാണ്. മത്സരത്തിന് പിന്നാലെ വലിയ പ്രശംസയാണ് താരത്തിന് ആരാധകർക്കൊപ്പം തന്നെ പല പ്രമുഖ താരങ്ങളിൽ നിന്നും ലഭിക്കുന്നത്.
ഇപ്പോൾ രാഹുൽ ത്രിപാഠിയെ പറ്റി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ത്രിപാഠിയെ എത്രയും പെട്ടെന്ന് ഇന്ത്യൻ ടീമിലെത്തിക്കണമെന്നാണ് ശാസ്ത്രിയും പത്താനും പറയുന്നത്. കമന്റേറ്റർ ഇയാൻ ബിഷപ്പും ഇതേ അഭിപ്രായം പങ്കുവെച്ചു.
Read More: തന്നെ ഏറെ ബുദ്ധിമുട്ടിച്ച പേസ് ബൗളറെ പറ്റി വിരേന്ദർ സെവാഗ്; പക്ഷെ അത് അക്തറും ബ്രെറ്റ് ലീയുമല്ല
തികഞ്ഞ ആത്മവിശ്വാസമുള്ള താരമാണ് രാഹുൽ ത്രിപാഠിയെന്നും താരത്തിന്റെ ഷോട്ട് സെലക്ഷനാണ് തന്നെ ആകർഷിച്ചതെന്നും പറയുകയാണ് രവി ശാസ്ത്രി. ഇന്ത്യൻ ടീമിൽ നിന്നും ത്രിപാഠി ഏറെ അകലെയല്ലെന്നും തുടർച്ചയായ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ ത്രിപാഠിയെ സെലക്ടർമാർ ടീമിലേക്ക് വിളിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ശാസ്ത്രി പറയുന്നത്. മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താനും ഐപിഎൽ കമന്റേറ്റർ ഇയാൻ ബിഷപ്പും ശാസ്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്.
Story Highlights: Rahul tripathi may get selected to indian team according to ravi shastri