മലയാളി നായകൻറെ ഫൈനലിന് അരങ്ങൊരുങ്ങുന്നു; ബാംഗ്ലൂരിനെ 7 വിക്കറ്റിന് കീഴടക്കി സഞ്ജുവിന്റെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ

May 27, 2022

ഐപിഎല്ലിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഐപിഎല്ലിൽ ആദ്യമായി മലയാളിയായ ഒരു താരം നയിക്കുന്ന ടീം ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 7 വിക്കറ്റിന് തകർത്ത് വമ്പൻ വിജയം നേടിയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

തീർത്തും ഏകപക്ഷീയമായ ഒരു മത്സരമായിരുന്നു ഇന്ന് അഹമ്മദാബാദിൽ അരങ്ങേറിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം നേടിയാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ കീഴടക്കിയത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ 58 റൺസെടുത്ത രജത് പടിദാറിന്റെ മികവിൽ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ് അടിച്ചു കൂട്ടിയിരുന്നു.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ബാറ്റർമാർ തുടക്കം മുതൽ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. 11 പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ 3 വിക്കറ്റ് നഷ്‌ടത്തിൽ ബാംഗ്ലൂർ ഉയർത്തിയ 158 റൺസ് മറികടന്നത്. സെഞ്ചുറി നേടിയ ജോസ് ബട്ലർ തന്നെയായിരുന്നു രാജസ്ഥാൻ നിരയിലെ ടോപ് സ്‌കോറർ. 60 പന്തിൽ പുറത്താവാതെ 106 റൺസാണ് ബട്ലർ അടിച്ചു കൂട്ടിയത്.

Read More: പ്ലേ ഓഫ് കാണാതെ പുറത്തായതിന് വീട്ടിൽ നിന്ന് ഇടിയും തൊഴിയും; വൈറൽ വിഡിയോ പങ്കുവെച്ച് ശിഖർ ധവാൻ, തമാശ ഏറ്റെടുത്ത് ആരാധകർ

നേരത്തെ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടിറങ്ങിയ ആർസിബിക്ക് രണ്ടാം ഓവറില്‍ തന്നെ മുൻ നായകൻ വിരാട് കോലിയെ നഷ്ടമായി. 7 റൺസെടുത്ത കോലി പ്രസീദ് കൃഷ്‌ണയുടെ പന്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് പുറത്തായത്. കോലി പുറത്തായതിന് ശേഷം ക്രീസിൽ ഒത്തുചേര്‍ന്ന ഡുപ്ലെസിയും പടിദാറും ആര്‍സിബിക്ക് വേണ്ടി പവര്‍പ്ലേയില്‍ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. എന്നാൽ അവസാന ഓവറുകളിൽ ബാംഗ്ലൂർ വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. രാജസ്ഥാന് വേണ്ടി പ്രസീദ് കൃഷ്‌ണയും മക്കോയും 3 വിക്കറ്റുകൾ വീതം നേടി.

മെയ് 29 ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടാൻ പോകുന്നത്.

Story Highlights: Rajasthan beats bangalore by 7 wickets