പ്ലേ ഓഫ് കാണാതെ പുറത്തായതിന് വീട്ടിൽ നിന്ന് ഇടിയും തൊഴിയും; വൈറൽ വിഡിയോ പങ്കുവെച്ച് ശിഖർ ധവാൻ, തമാശ ഏറ്റെടുത്ത് ആരാധകർ

May 26, 2022

ഇന്ത്യൻ ടീമിലെ മുൻ നിര ബാറ്റർമാരിലൊരാളാണ് ശിഖർ ധവാൻ. മികച്ച പ്രകടനങ്ങൾ ടീമിന് വേണ്ടി പുറത്തെടുത്തിട്ടുള്ള താരം പല നിർണായക മത്സരങ്ങളിലും ടീമിന്റെ രക്ഷകനായിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന മത്സരങ്ങളിലും അവിസ്‌മരണീയമായ ഒട്ടേറെ ഇന്നിംഗ്‌സുകൾ ധവാന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്.

ഐപിഎല്ലിൽ ഈ സീസണിൽ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് ധവാൻ ബാറ്റേന്തിയത്. മികച്ച പ്രകടനം തന്നെയാണ് ടീമിന് വേണ്ടി ധവാൻ പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് 460 റൺസാണ് ധവാൻ പഞ്ചാബിന് വേണ്ടി അടിച്ചു കൂട്ടിയത്. ധവാന്റെ ഇന്നിംഗ്‌സ് പല മത്സരങ്ങളിലും പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചിരുന്നുവെങ്കിലും ടീമിന് പ്ലേ ഓഫിലേക്ക് കയറാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ്.

ഇപ്പോൾ ശിഖർ ധവാൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാവുന്നത്. പ്ലേ ഓഫ് കാണാതെ വീട്ടിലേക്ക് തിരികെ ചെന്ന ധവാനെ അച്ഛൻ തമാശയായി ഇടിക്കുകയും താഴെയിട്ട് തൊഴിക്കുകയും ചെയ്യുന്ന വിഡിയോയാണ് ധവാൻ പങ്കുവെച്ചത്. ‘പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ സാധിക്കാത്തതിന് അച്ഛന്റെ വക അടിയും തൊഴിയും’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം തമാശ വിഡിയോ പങ്കുവെച്ചത്. കൗതുകത്തോടെ വിഡിയോ കണ്ട ആരാധകരും ഇപ്പോൾ തമാശ ഏറ്റെടുത്തിരിക്കുകയാണ്.

Read More: “നീ പോളിക്ക് മുത്തേ..”; സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ കേരളത്തിൽ നിന്ന് എത്തിയ ആരാധകർ, ചിത്രം പങ്കുവെച്ച് താരം

അതെ സമയം ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ കെ എൽ രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 14 റൺസിന് തകർത്താണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് 20 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസെടുക്കാനെ കഴിഞ്ഞുള്ളു.നാളെ രാജസ്ഥാൻ റോയൽസിനെതിരെയാണ് ബാംഗ്ലൂരിന്റെ രണ്ടാം ക്വാളിഫയർ മത്സരം.

Story Highlights: Shikhar dhavan shares funny video on instagram