“നീ പോളിക്ക് മുത്തേ..”; സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ കേരളത്തിൽ നിന്ന് എത്തിയ ആരാധകർ, ചിത്രം പങ്കുവെച്ച് താരം

May 21, 2022

ഇന്നലെ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിന് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി പ്ലേ ഓഫിലേക്ക് രാജകീയമായിട്ടാണ് രാജസ്ഥാൻ റോയൽസ് പ്രവേശിച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിർത്തിയാണ് രാജസ്ഥാൻ മറികടന്നത്.

രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വലിയ പ്രശംസയാണ് ഈ അവസരത്തിൽ ഏറ്റുവാങ്ങുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേ പോലെ മികവ് കാട്ടുന്ന ഒരു ടീമായി ഈ സീസണിൽ രാജസ്ഥാനെ മാറ്റിയെടുക്കുന്നതിൽ സഞ്ജുവിന് നിർണായക പങ്കാണുണ്ടായിരുന്നത്.

എന്നാലിപ്പോൾ സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്ക് കൗതുകമാവുന്നത്. ഇന്നലത്തെ രാജസ്ഥാൻ-ചെന്നൈ മത്സരം കാണാനായി കേരളത്തിൽ നിന്ന് മുംബൈയിലെത്തിയ ഒരു കൂട്ടം ആരാധകരുടെ ചിത്രങ്ങളാണ് സഞ്ജു പങ്കുവെച്ചത്. സഞ്ജുവിന്റെ ബാറ്റിംഗ് കാണാനാണ് തങ്ങളെത്തിയതെന്നാണ് ഇവർ പറഞ്ഞത്.

“ഞങ്ങളുടെ ലിറ്റിൽ മാസ്റ്റർ സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കാണാൻ കേരളത്തിൽ നിന്നെത്തി..നീ പോളിക്ക് മുത്തേ” എന്നിങ്ങനെ എഴുതിയ ഫ്‌ളക്‌സുമായിട്ടാണ് ആരാധകർ സ്റ്റേഡിയത്തിലെത്തിയത്. മത്സര ശേഷം സഞ്ജു സാംസൺ തന്നെ ചിത്രങ്ങൾ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌തു.

Read More: ‘എന്തുണ്ട് ,മച്ചാനേ..’; സഞ്ജുവിനൊപ്പം ലുങ്കിയുടുത്ത് രാജസ്ഥാൻ താരങ്ങൾ, ട്വീറ്റ് പങ്കുവെച്ച് റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്

അതേ സമയം മികച്ച വിജയമാണ് ചെന്നൈക്കെതിരെ ഇന്നലെ രാജസ്ഥാൻ നേടിയത്. അവസാന ഓവറുകളിൽ രാജസ്ഥാന്റെ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന്റെ കൂറ്റനടികളാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്. പുറത്താവാതെ 40 റൺസ് നേടിയ അശ്വിൻ, വിജയത്തോടെ സീസൺ അവസാനിപ്പിക്കാം എന്ന് കരുതിയ ചെന്നൈയുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കുകയായിരുന്നു. 59 റൺസ് നേടിയ യശസ്വി ജയ്‌സ്വാളാണ് തുടക്കത്തിൽ രാജസ്ഥാന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോവുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

Story Highlights: Sanju samson shares images of kerala fans