‘എന്തുണ്ട് ,മച്ചാനേ..’; സഞ്ജുവിനൊപ്പം ലുങ്കിയുടുത്ത് രാജസ്ഥാൻ താരങ്ങൾ, ട്വീറ്റ് പങ്കുവെച്ച് റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്

April 28, 2022

ഒരു കുടുംബത്തെ പോലെയാണ് രാജസ്ഥാൻ ടീമെന്ന് ഇതിനു മുൻപും പല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. വളരെ മികച്ച സൗഹൃദമാണ് രാജസ്ഥാൻ റോയൽസ് താരങ്ങളുടെ ഇടയിൽ നില നിൽക്കുന്നത്. കളിക്ക് പുറത്ത് താരങ്ങൾ തമ്മിലുള്ള ചിരികളും തമാശകളും ടീമിന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും പങ്കുവെയ്ക്കപ്പെടുകയും ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ പങ്കുവെച്ച മറ്റൊരു വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനോടൊപ്പം മറ്റ് ടീമംഗങ്ങൾ കറുത്ത ലുങ്കിയുടുത്ത് നടക്കുന്ന വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചാഹൽ, പരാഗ്, ഹെറ്റ്മെയർ തുടങ്ങിയ രാജസ്ഥാൻ താരങ്ങളെയും വിഡിയോയിൽ കാണാം.

അതോടൊപ്പം രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ജോസ് ബട്‌ലറിനോടൊപ്പം സഞ്ജു കറുത്ത ലുങ്കിയുടുത്ത് നിൽക്കുന്ന ചിത്രവും ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ‘അടിപൊളി ബട്‌ലര്‍ ചേട്ടന്‍’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം രാജസ്ഥാൻ തങ്ങളുടെ ട്വിറ്ററിൽ പങ്കുവെച്ചത്.

അതേ സമയം കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ മിന്നുന്ന ജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ നേടിയത്. 29 റൺസിനാണ് രാജസ്ഥാൻ ആർസിബിയെ തോൽപ്പിച്ചത്. ഇതോടെ ബാംഗ്ലൂരിനെതിരെയുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാനും രാജസ്ഥാന് കഴിഞ്ഞു.

Read More: ‘സൂപ്പർ ഓവറിനായി ഒരുങ്ങി, പക്ഷെ അതിന്റെ ആവശ്യമില്ലെന്ന് നെഹ്റ ഭായ് പറഞ്ഞു…’; ഗുജറാത്ത് വിജയിച്ച അവസാന ഓവറിനെ പറ്റി നായകൻ ഹർദിക് പാണ്ഡ്യ

31 പന്തിൽ 56 റൺസ് നേടിയ പരാഗിന്റെയും 21 പന്തിൽ 27 റൺസ് അടിച്ചെടുത്ത നായകൻ സഞ്ജു സാംസണിന്റെയും കരുത്തിലാണ് 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് രാജസ്ഥാൻ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 19.3 ഓവറില്‍ 115 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനുമാണ് ആർസിബിയെ തകര്‍ത്തത്.

Story Highlights: Sanju and rajasthan team wear lungi