നിറഞ്ഞാടി പടിക്കലും അശ്വിനും, രാജസ്ഥാന് ഭേദപ്പെട്ട സ്കോർ; മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റ് നഷ്ടമായി ഡൽഹി
ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവെച്ച മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും മികവിലൂടെ ഡൽഹി ക്യാപിറ്റൽസിനെതിരെ ഭേദപ്പെട്ട സ്കോർ നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് അടിച്ചു കൂട്ടിയിരിക്കുന്നത്.
50 റൺസെടുത്ത അശ്വിന്റെയും 48 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെയും പ്രകടനമാണ് രാജസ്ഥാൻ ബാറ്റിങ്ങിൽ നിർണായകമായത്. ഡൽഹി ക്യാപിറ്റൽസിനായി ചേതന്‍ സക്കറിയയും ആന്റിച്ച് നോര്‍ക്യയും മിച്ചല്‍ മാര്‍ഷും രണ്ട് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ 7 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസാണ് ഡൽഹി അടിച്ചെടുത്തിരിക്കുന്നത്.
നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ രാജസ്ഥാന് സൂപ്പർ താരം ജോസ് ബട്ലറിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ചേതൻ സക്കറിയ എറിഞ്ഞ പന്തിൽ ഷർദുൽ ഠാക്കൂർ ക്യാച്ചെടുത്താണ് ബട്ലർ പുറത്തായത്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റൽസ് ഇന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കറിയയും ഇന്ന് ഡൽഹിക്കായി ഇറങ്ങിയിട്ടുണ്ട്. അതേ സമയം രാജസ്ഥാന് റോയൽസ് ഷിംറോൺ ഹെറ്റ്മെയര്‍ക്ക് പകരം റാസ്സീ വാന്‍ ഡര് ഡസനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് രാജസ്ഥാൻ ഇന്നിറങ്ങിയിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്നും 14 പോയിന്റാണ് രാജസ്ഥാനുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം.
Story Highlights: Rajasthan has a decent score against delhi