ബാറ്റിംഗ് തകർച്ച നേരിട്ട് രാജസ്ഥാൻ; ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിറങ്ങിയ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്.
39 റൺസ് അടിച്ചു കൂട്ടിയ ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. രാജസ്ഥാന്റെ 3 വിക്കറ്റുകൾ പിഴുത ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടെ ബൗളിംഗ് മികവാണ് രാജസ്ഥാനെ ചെറിയ സ്കോറിലൊതുക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എടുത്തിട്ടുണ്ട്.
തുടക്കം മുതൽ തന്നെ രാജസ്ഥാൻ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ രാജസ്ഥാൻ ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. വലിയ പ്രതീക്ഷകൾ നൽകി തുടങ്ങിയ യശസ്വി ജയ്സ്വാളും സഞ്ജു സാംസണും അധികം വൈകാതെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ജയ്സ്വാൾ 22 റൺസെടുത്തപ്പോൾ സഞ്ജു 14 റൺസ് എടുക്കുമ്പോഴേക്കും പുറത്താവുകയായിരുന്നു.
ഒരു ഭാഗത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോൾ മറുഭാഗത്ത് ജോസ് ബട്ലർ ഉറച്ചു നിന്നത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബട്ലർ പാണ്ഡ്യയുടെ പന്തിൽ പുറത്താവുകയായിരുന്നു. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും രാജസ്ഥാനെ തകർച്ചയിൽ നിന്നും കരകയറ്റാൻ കഴിഞ്ഞില്ല.
രണ്ടാം ക്വാളിഫയർ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാൻ റോയൽസ് ഫൈനലിന് ഇറങ്ങിയിരിക്കുന്നത്. അതേ സമയം ഒന്നാം ക്വാളിഫയറിൽ രാജസ്ഥാനെതിരെ ഇറങ്ങിയ ടീമിൽ ഒരു മാറ്റത്തോടെയാണ് ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്ഗൂസന് ഗുജറാത്ത് ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
Story Highlights: Rajasthan has a low score against gujarat