പ്ലേ ഓഫ് ലക്ഷ്യമിട്ട് സഞ്ജുവിന്റെ രാജസ്ഥാൻ; എതിരാളികൾ ഡൽഹി ക്യാപിറ്റൽസ്

May 11, 2022

ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഒരുങ്ങുകയാണ്. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. 11 മത്സരങ്ങളിൽ നിന്നും 14 പോയിന്റാണ് രാജസ്ഥാനുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം.

അതേ സമയം 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഡൽഹി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കും 10 പോയിന്റുള്ളതിനാൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹിക്ക് ഇന്ന് ജയം അനിവാര്യമാണ്.

ജോസ് ബട്‌ലറിൽ തന്നെയാണ് രാജസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷകളത്രയും. നായകൻ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും യഷസ്വി ജയ്‌സാളും മികച്ച പിന്തുണയാണ് ബട്‌ലറിന് നൽകുന്നത്. ട്രെന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയുമാണ് രാജസ്ഥാൻ ബൗളിംഗ് നയിക്കുന്നത്. അവർക്കൊപ്പം അശ്വിന്റെയും ചാഹലിന്റെയും സ്‌പിൻ കരുത്ത് കൂടി ചേരുമ്പോൾ ഏതൊരു ടീമിന്റെയും പേടിസ്വപ്‌നമാവുന്ന ബൗളിംഗ് നിരയായി രാജസ്ഥാൻ മാറുന്നു.

Read More: പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്; ലഖ്‌നൗവിനെ തകർത്തത് 62 റൺസിന്

നേരത്തെ സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം രാജസ്ഥാനൊപ്പമായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 223 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 44 റൺസെടുത്ത നായകൻ ഋഷഭ് പന്തും 37 റൺസെടുത്ത പൃഥ്‌വി ഷായും ഒരു ഘട്ടത്തിൽ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ റൊവ്‌മാന്‍ പവലും മികച്ച പ്രകടനം തന്നെയാണ് കാഴ്‌ചവെച്ചത്.

Story Highlights: Rajasthan vs delhi ipl match today