പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്; ലഖ്‌നൗവിനെ തകർത്തത് 62 റൺസിന്

May 10, 2022

ഐപിഎല്ലിന്റെ ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫ് തന്നെ ലക്ഷ്യമിട്ട് ഇറങ്ങിയ കെ എൽ രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിന് തകർത്ത് മിന്നുന്ന ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തപ്പോൾ ലഖ്‌നൗ 13.5 ഓവറിൽ 82 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.

ഗുജറാത്തിനായി റാഷിദ് ഖാൻ നാലും സായ് കിഷോറും യഷ് ദയാലും രണ്ട് വിക്കറ്റുകളുമാണ് നേടിയത്. 27 റൺസെടുത്ത ദീപക് ഹൂഡയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ.

അതേ സമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. അർധ സെഞ്ചുറിയെടുത്ത ശുഭ്‍മാന്‍ ഗില്ലിന്‍റെ മികവിലാണ് ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തത്. ഗിൽ 49 പന്തിൽ പുറത്താകാതെ 63 റൺസാണ് എടുത്തത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി ആവേശ് ഖാൻ ഗുജറാത്തിന്റെ 2 വിലപ്പെട്ട വിക്കറ്റുകളാണ് പിഴുതത്. നായകൻ ഹർദിക് പാണ്ഡ്യയുടെയും മാത്യു വെയ്ഡിന്റെയും വിക്കറ്റുകളാണ് ആവേശ് ഖാൻ നേടിയത്.

Read More: കാർത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്; പക്ഷെ വൈറലായത് കോലിയുടെ ആഘോഷം- വിഡിയോ

കഴിഞ്ഞ കളിയിലെ ടീമിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ഗുജറാത്ത് മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ലോക്കീ ഫെര്‍ഗൂസന് പകരം മാത്യു വെയ്‌ഡും സായ് സുന്ദരേശന് പകരം സായ് കിഷോറും പ്രദീപ് സാങ്‌വാന് പകരം യഷ് ദയാലും ഇന്ന് ഗുജറാത്തിനായി ഇറങ്ങിയിരുന്നു. ഒരു മാറ്റത്തോടെയാണ് കെ എല്‍ രാഹുലിന്‍റെ ലഖ്‌നൗ ഇന്ന് കളിക്കാനിറങ്ങിയത്. രവി ബിഷ്‌ണോയ്ക്ക് പകരം കരണ്‍ ശര്‍മ്മയാണ് ഇന്ന് ലഖ്‌നൗ ടീമിലുണ്ടായിരുന്നത്.

Story Highlights: Gujarat won by 62 runs against lucknow and qualifies to play off