കാർത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്; പക്ഷെ വൈറലായത് കോലിയുടെ ആഘോഷം- വിഡിയോ

May 9, 2022

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഹൈദരാബാദിനെതിരെ മികച്ച വിജയമാണ് ബാംഗ്ലൂർ നേടിയത്. 67 റൺസിന്റെ തകർപ്പൻ വിജയം ബാംഗ്ലൂർ നേടിയപ്പോൾ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവെച്ച ദിനേശ് കാർത്തിക്കിന്റെ പ്രകടനമാണ് ആരാധകരുടെ ചർച്ചാവിഷയം.

വെറും 8 പന്തുകളിൽ നിന്ന് 30 റൺസാണ് കാർത്തിക്ക് നേടിയത്. 4 സിക്‌സറുകളും 1 ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു കാർത്തിക്കിന്റെ ഇന്നിങ്‌സ്. കാർത്തിക്കിന്റെ ബാറ്റിംഗ് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായകമാവുകയും ചെയ്‌തു.

എന്നാലിപ്പോൾ കാർത്തിക്കിന്റെ ബാറ്റിങ്ങിന് ശേഷം വിരാട് കോലി നടത്തിയ ആഘോഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബാംഗ്ലൂർ ഇന്നിങ്സിലെ അവസാന പന്ത് ബൗണ്ടറിയിലെത്തിച്ചതിന് ശേഷം കാർത്തിക്ക് തിരികെ ഡ്രസിംഗ് റൂമിലെത്തിയപ്പോഴായിരുന്നു കോലിയുടെ ആഘോഷ പ്രകടനം. ഹർഷാരവത്തോടെ സ്വീകരിച്ചതിന് ശേഷം ആലിംഗനം ചെയ്‌താണ്‌ കോലി കാർത്തിക്കിന്റെ ബാറ്റിംഗ് ആഘോഷിച്ചത്.

നേരത്തെ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ മുൻ നായകൻ കൂടിയായ വിരാട് കോലി കാഴ്‌ചവെച്ചത്. ഒരിക്കൽ കൂടി പൂജ്യത്തിന് പുറത്തായി കോലി ആരാധകരെ നിരാശപ്പെടുത്തുന്നതാണ് കണ്ടത്. എന്നാൽ ആ നിരാശകളൊന്നും കാണിക്കാതെ മനസ്സ് തുറന്നാണ് കോലി കാർത്തിക്കിന്റെ പ്രകടനത്തിനായി കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്‌തത്‌. ഇതാണ് ആരാധകർക്ക് ഹൃദ്യമായി മാറിയത്.

Read More: ‘കണക്ക് എനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ല’; പ്ലേ ഓഫ് സാധ്യതകളെ പറ്റി ചോദിച്ചപ്പോൾ ചിരി പടർത്തി ധോണിയുടെ മറുപടി

അതേ സമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് 70 റൺസെടുത്ത ഫാഫ് ഡുപ്ലെസിയും 48 റൺസെടുത്ത രജത് പടിദാറും ചേർന്നാണ് വമ്പൻ സ്‌കോർ നേടിക്കൊടുത്തത്. മത്സരത്തിന്റെ അവസാന ഭാഗത്താണ് ദിനേശ് കാർത്തിക്ക് ബാംഗ്ലൂരിനായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ചത്. മത്സരത്തിൽ ബാംഗ്ലൂർ 3 വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറിൽ 125 റൺസെടുത്തപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.

Story Highlights: Virat kohli celebration for karthik goes viral