ഇനി പ്ലേ ഓഫ് അങ്കം; ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങുന്നു, ആദ്യ ക്വാളിഫയറിൽ ഇന്ന് രാജസ്ഥാൻ-ഗുജറാത്ത് പോരാട്ടം

May 24, 2022

ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങുകയാണ്. ഒന്നാം ക്വാളിഫയറിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുകയാണ്. വൈകിട്ട് 7.30 നാണ് മത്സരം തുടങ്ങുന്നത്.

ഈ സീസണിൽ അരങ്ങേറ്റം കുറിച്ച ഗുജറാത്ത് മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനമാണ് സീസണിലുടനീളം കാഴ്‌ചവെച്ചത്. മിക്ക കളികളിലും തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച ഗുജറാത്ത് ചില മത്സരങ്ങളിൽ അവിശ്വസനീയ മികവാണ് പുറത്തെടുത്തത്.

ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാട്ടിയ എന്നിവരുൾപ്പെടുന്ന ഗുജറാത്തിന്റെ ബാറ്റിംഗ് നിര മികച്ച പ്രകടനം തന്നെയാണ് സീസണിലുടനീളം പുറത്തെടുത്തത്. റാഷിദ് ഖാന്റെയും സായ് കിഷോറിന്റെയും സ്‌പിൻ മികവിലും ഗുജറാത്തിന് വലിയ പ്രതീക്ഷയാണുള്ളത്. ആദ്യ സീസണിൽ തന്നെ കിരീട നേട്ടമാണ് ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത്.

എന്നാൽ ഐപിഎല്ലിന്റെ ആദ്യ സീസണിലെ പ്രകടനം ആവർത്തിച്ച് വീണ്ടുമൊരിക്കൽ കൂടി കിരീടമുയർത്താൻ ലക്ഷ്യമിട്ട് തന്നെയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരടങ്ങുന്ന ലോകോത്തര ബാറ്റിംഗ് നിരയിൽ തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷകളത്രയും. ലോകത്തെ ഏറ്റവും മികച്ച രണ്ട് ബൗളർമാരായ ആര്‍ അശ്വിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും സാന്നിധ്യം രാജസ്ഥാൻ ബൗളിംഗ് നിരയ്ക്ക് വലിയ കരുത്താണ് നൽകുന്നത്.

Read More: “നീ പോളിക്ക് മുത്തേ..”; സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ കേരളത്തിൽ നിന്ന് എത്തിയ ആരാധകർ, ചിത്രം പങ്കുവെച്ച് താരം

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കുമ്പോൾ തോൽക്കുന്ന ടീമിന് ഒരവസരം കൂടി ലഭിക്കുന്നുണ്ട്. ലഖ്‌നൗവും ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുന്ന എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാൻ ഒരവസരം കൂടി ഇന്നത്തെ മത്സരത്തിൽ തോൽക്കുന്നവർക്ക് ലഭിക്കുന്നുണ്ട്.

Story Highlights: Rajasthan vs gujarat first qaulifier match