പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള പോരാട്ടം; ഐപിഎല്ലിൽ ഇന്ന് 7.30 ന് രാജസ്ഥാനും ലഖ്നൗവും ഏറ്റുമുട്ടുന്നു
ഐപിഎല്ലിൽ ഇന്ന് രാത്രി 7.30 ന് നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കെ എൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.
ടൂർണമെന്റിന്റെ നിർണായക സമയത്ത് പരസ്പരം ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും ഒരേ ലക്ഷ്യം തന്നെയാണുള്ളത്. ഇന്നത്തെ മത്സരത്തിൽ പ്ലേ ഓഫ് തന്നെയാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. മത്സരത്തിൽ ജയിച്ചാൽ ലഖ്നൗവിന് പ്ലേ ഓഫ് ഉറപ്പിക്കാം. അതേ സമയം ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കുറച്ചു കൂടി അടുക്കാൻ കഴിയും.
രാജസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ കൂടിയാവും ലഖ്നൗ ഇന്നിറങ്ങുന്നത്. സീസണിന്റെ തുടക്കത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 3 റൺസിന് ലഖ്നൗവിനെ തോൽപ്പിച്ചിരുന്നു. 165 റൺസ് പിന്തുടർന്ന ലഖ്നൗവിന് 162 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ തോൽവിക്ക് പകരം വീട്ടാൻ കൂടിയാവും ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങുന്നത്.
അതേ സമയം കഴിഞ്ഞ മത്സരത്തിൽ ഡൽഹിയോടേറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ കൂടിയാവും രാജസ്ഥാൻ ഇന്നിറങ്ങുന്നത്. മുംബൈ ഡീവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ മറികടന്ന് 8 വിക്കറ്റിന്റെ മിന്നുന്ന ജയമാണ് ഡൽഹി നേടിയത്. 89 റൺസെടുത്ത മിച്ചൽ മാർഷും പുറത്താകാതെ 52 റൺസ് അടിച്ചു കൂട്ടിയ ഡേവിഡ് വാർണറും ചേർന്നാണ് ഡൽഹിക്ക് തകർപ്പൻ വിജയം നേടി കൊടുത്തത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോൾട്ടും ചാഹലും ഓരോ വിക്കറ്റ് വീതം നേടി.
Read More: ‘ഗുഡ്ബൈ റോയ്’; ആൻഡ്രൂ സൈമണ്ട്സ് ഐപിഎല്ലിനും ഇന്ത്യൻ ആരാധകർക്കും പ്രിയപ്പെട്ടവൻ…
ലഖ്നൗവിനും കഴിഞ്ഞ മത്സരത്തിൽ പരാജയം നേരിടേണ്ടി വന്നു. മത്സരത്തിൽ ലഖ്നൗവിനെ 62 റൺസിന് തകർത്ത് മിന്നുന്ന ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തപ്പോൾ ലഖ്നൗ 13.5 ഓവറിൽ 82 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. ലഖ്നൗവിനെതിരെയുള്ള ജയത്തോടെ ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്.
Story Highlights: Rajasthan vs gujarat ipl match today