‘ഗുഡ്ബൈ റോയ്’; ആൻഡ്രൂ സൈമണ്ട്‌സ് ഐപിഎല്ലിനും ഇന്ത്യൻ ആരാധകർക്കും പ്രിയപ്പെട്ടവൻ…

May 15, 2022

വലിയ ഞെട്ടലോടെയാണ് ലോകം ആ വാർത്ത കേട്ടുണർന്നത്. ക്രിക്കറ്റ് ഇതിഹാസമായ ആൻഡ്രൂ സൈമണ്ട്‌സ് ശനിയാഴ്‌ച രാത്രി കാറപകടത്തിൽ മരിച്ചു എന്ന വാർത്ത ക്രിക്കറ്റ് ആരാധകരെ മാത്രമല്ല മുഴുവൻ കായിക ലോകത്തെയും പിടിച്ചുലച്ചിരിക്കുകയാണ്. 46 വയസ്സായിരുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന്. സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നാണ് പോലീസ് പറയുന്നത്.

ലോകം മുഴുവനുള്ള കായിക പ്രേമികൾക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും സൈമണ്ട്‌സിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ഞെട്ടലിലാണ്. ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും ഏറെ പ്രിയപ്പെട്ട താരമായിരുന്നു സൈമണ്ട്‌സ്. പ്രഥമ ഐപിഎൽ ടൂർണമെന്റിൽ ഹൈദരാബാദ് ഡെക്കാൻ ചാർജേഴ്‌സിന്റെ താരമായിരുന്നു സൈമണ്ട്‌സ്.

ആദ്യ ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് ഡെക്കാൻ താരത്തെ സ്വന്തമാക്കിയത്. ലേലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക ലഭിച്ചത് ആൻഡ്രൂ സൈമണ്ട്‌സിനായിരുന്നു. അതേ ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരവും സൈമണ്ട്‌സായിരുന്നു. 5.4 കോടി രൂപയ്ക്കാണ് ഡെക്കാൻ ചാർജേഴ്‌സ് താരത്തെ സ്വന്തമാക്കിയത്.

2008 ലെ ആദ്യ സീസണിൽ ഡെക്കാൻ ചാർജേഴ്‌സിന് വേണ്ടി കളിച്ചു തുടങ്ങിയ താരം പിന്നീട് 3 ഐപിഎൽ സീസണുകളിൽ കൂടി ഡെക്കാന് വേണ്ടി കളിച്ചിരുന്നു. സഹ ഓസ്‌ട്രേലിയൻ താരമായ ആദം ഗിൽക്രിസ്റ്റിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ ഐപിഎൽ സീസണിൽ ഡെക്കാൻ കപ്പുയർത്തുമ്പോൾ ടീമിനെ കിരീടത്തിലേക്ക് നയിച്ച നിർണായക സാന്നിധ്യമായി ആൻഡ്രൂ സൈമണ്ട്‌സ് ടീമിലുണ്ടായിരുന്നു.

Read More: ‘എന്ത് ചോദ്യമാണ് സുഹൃത്തേ..’; ഷെയ്ന്‍ വോണിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

ഒരുപാട് നല്ല ഓർമ്മകൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നൽകിയതിന് ശേഷമാണ് അദ്ദേഹം വിട വാങ്ങുന്നത്. ക്രിക്കറ്റ് ലോകത്തോടൊപ്പം ഇന്ത്യൻ ആരാധകരും റോയ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിനായി വിതുമ്പുകയാണ്. കായിക ലോകത്തോടൊപ്പം അവരും പറയുന്നു ‘ഗുഡ്ബൈ റോയ്..എല്ലാ നല്ല ഓർമ്മകൾക്കും നന്ദി…’

Story Highlights: Indian cricket fans shocked by Andrew Symonds demise news