ബാക്കി അങ്കം പ്ലേ ഓഫിൽ; ചെന്നൈയെ തകർത്ത് രാജകീയമായി പ്ലേ ഓഫിലേക്ക് പ്രവേശിച്ച് രാജസ്ഥാൻ റോയൽസ്

May 20, 2022

മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിന് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി പ്ലേ ഓഫിലേക്ക് രാജകീയമായിട്ടാണ് രാജസ്ഥാൻ റോയൽസ് പ്രവേശിച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിർത്തിയാണ് രാജസ്ഥാൻ മറികടന്നത്.

അവസാന ഓവറുകളിൽ രാജസ്ഥാന്റെ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന്റെ കൂറ്റനടികളാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്. പുറത്താവാതെ 40 റൺസ് നേടിയ അശ്വിൻ, വിജയത്തോടെ സീസൺ അവസാനിപ്പിക്കാം എന്ന് കരുതിയ ചെന്നൈയുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കുകയായിരുന്നു. 59 റൺസ് നേടിയ യശസ്വി ജയ്‌സ്വാളാണ് തുടക്കത്തിൽ രാജസ്ഥാന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോവുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

അതേ സമയം ബാറ്റിംഗ് തകർച്ചയോടെയാണ് ചെന്നൈ തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ മികച്ച ഫോമിലുള്ള ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനെ ട്രെൻഡ് ബോള്‍ട്ട് നായകന്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു. പിന്നീടാണ് മൊയീൻ അലി ചെന്നൈയുടെ രക്ഷയ്ക്കെത്തിയത്. 57 പന്തില്‍ 93 റണ്‍സെടുത്ത മൊയീന്‍ അലിയുടെ ഇന്നിങ്സിന്റെ ബലത്തിലാണ് ചെന്നൈ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 150 റൺസ് അടിച്ചു കൂട്ടിയത്. തുടർച്ചയായ ഓവറുകളിൽ രാജസ്ഥാൻ ബൗളർമാരെ തകർത്തടിച്ച താരം വെറും 19 പന്തിലാണ് അർധ സെഞ്ചുറി നേടിയത്.

Read More: ‘സഞ്ജു സാംസൺ ഈ സീസണിലെ ഏറ്റവും മികച്ച യുവനായകൻ’; കൈയടിയുമായി മുൻ ഇന്ത്യൻ സൂപ്പർതാരം ഇർഫാൻ പത്താൻ

ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ലഖ്‌നൗവിനും രാജസ്ഥാനും 18 പോയിന്റുകൾ ഉണ്ടെങ്കിലും മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് രാജസ്ഥാൻ നേരിടാൻ പോവുന്നത്.

Story Highlights: Rajasthan won by 5 wickets against chennai