ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്..
ഐപിഎൽ ഫൈനലിൽ ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ടോസ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അൽപ സമയത്തിനകം ആരംഭിക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇരു ടീമുകളും സീസണിലുടനീളം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയിരുന്നു. ഇരു ടീമുകളും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും ജയം ഗുജറാത്തിനൊപ്പം നിന്നു.
ഈ സീസണിൽ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനൊപ്പം തന്നെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഗുജറാത്തിന്റെ വിജയം ആധികാരികമായിരുന്നെങ്കിലും ഒന്നാം ക്വാളിഫയറിൽ രാജസ്ഥാന്റെ വലിയ വെല്ലുവിളി മറികടന്ന് അവസാന നിമിഷമാണ് ഗുജറാത്ത് വിജയിച്ചത്.
തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ ഗുജറാത്തിനെ ഈ സീസണിൽ ആദ്യമായി തകർത്ത് കിരീടം കൂടെ കൂട്ടാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സഞ്ജുവും സംഘവും. ഗുജറാത്തിനെ പോലെ തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരാണ് രാജസ്ഥാനും.
അവസാന മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്ത് ഫൈനൽ ടിക്കറ്റെടുത്തതിന്റെ ആത്മ വിശ്വാസം രാജസ്ഥാനൊപ്പമുണ്ട്. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7 വിക്കറ്റിന് തകർത്ത് വമ്പൻ വിജയം നേടിയാണ് രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറിലാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ തകർത്തത്.
Story Highlights: Rajasthan won the toss and chose to bat