‘ഈ സാലാ കപ്പിലേക്ക്’ ഒരു പടി കൂടി അടുത്ത് ബാംഗ്ലൂർ; ലഖ്നൗവിനെതിരെ നേടിയത് 14 റൺസിന്റെ തകർപ്പൻ വിജയം
ഇന്ന് നടന്ന എലിമിനേറ്റർ മത്സരത്തിൽ കെ എൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 14 റൺസിന് തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ബാംഗ്ലൂർ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗവിന് 20 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
തുടക്കം മുതൽ ലഖ്നൗവിന് ബാറ്റിംഗ് തകർച്ചയായിരുന്നു. ഒരു സമയത്ത് കെ എൽ രാഹുൽ-ദീപക് ഹൂഡ കൂട്ടുകെട്ട് ലഖ്നൗവിന് പ്രതീക്ഷ നൽകിയെങ്കിലും ജയം അകന്ന് നിന്നു. ലഖ്നൗവിന്റെ 3 വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ഹർഷൻ പട്ടേൽ എന്നീ ബൗളർമാരാണ് ബാംഗ്ലൂരിന് വേണ്ടി നിർണായക പ്രകടനം പുറത്തെടുത്തത്.
നേരത്തെ മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ ബാംഗ്ലൂരിന് നഷ്ടമായി. പിന്നീട ക്രീസിലെത്തിയ മുൻ നായകൻ വിരാട് കോലിയും രജത് പടിദാറും 66 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.
25 റൺസ് നേടിയ കോലി പുറത്തായതിന് ശേഷമെത്തിയ ബാറ്റർമാരൊക്കെ നിരാശപ്പെടുത്തുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ചാണ് പടിദാർ ബാംഗ്ലൂർ സ്കോർ 200 കടത്തിയത്. 37 റൺസെടുത്ത കാർത്തിക്കും സെഞ്ചുറി നേടിയ പടിദാറും കൂടി നേടിയ 92 റൺസിന്റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായത്.
Read More: 7 വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഫൈനലിലേക്ക്; രാജസ്ഥാന് രണ്ടാം ക്വാളിഫയറിൽ ഒരവസരം കൂടി
വെള്ളിയാഴ്ച സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെതിരെയാണ് ബാംഗ്ലൂരിന്റെ രണ്ടാം ക്വാളിഫയർ മത്സരം.
Story Highlights: Rcb beats lucknow by 14 runs in eliminator