ആർആർആറിന് ശേഷം രാജമൗലിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; നായകൻ മഹേഷ് ബാബു

ബാഹുബലി ചിത്രങ്ങളിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോൾ ഇന്ത്യ മുഴുവൻ വലിയ ബോക്സോഫീസ് തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘ആർആർആർ.’
ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.
റിലീസ് ചെയ്തപ്പോൾ മുതൽ തിയേറ്ററുകളിൽ തരംഗമായി മാറിയ ചിത്രം 1000 കോടി ക്ലബ്ബിൽ കയറിയത് വലിയ വാർത്തയായിരുന്നു. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്. ദംഗലിനും ബാഹുബലിക്കും ശേഷം 1000 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ‘ആർആർആർ.’ ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാമതാണ് ആർആർആറിന്റെ സ്ഥാനം
ഇപ്പോൾ ഇന്ത്യൻ സിനിമ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ആർആർആറിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രാജമൗലി. ഒരു ആക്ഷൻ ത്രില്ലർ ഡ്രാമ സിനിമയായിരിക്കും രാജമൗലി സംവിധാനം ചെയ്യാൻ പോകുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read More: നിറഞ്ഞാടി മഹേഷ് ബാബുവും കീർത്തി സുരേഷും; രണ്ടരക്കോടിയിലധികം കാഴ്ചക്കാരെ നേടി പാട്ട്
തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് രാജമൗലിയുടെ പുതിയ ചിത്രത്തിൽ നായകനായെത്തുന്നത്. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത. വനത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷൻ ചിത്രമാണിതെന്നാണ് തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞത്.
Story Highlights: S S Rajamouli next film announcement