പ്രണയം നിറച്ച് ‘മേജർ’ സിനിമയിലെ ‘പൊൻ മലരേ’ ഗാനം

May 26, 2022

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജർ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മേജർ സന്ദീപ് ഉണ്ണകൃഷ്ണന്റെ പ്രണയം പറയുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പൊൻ മലരേ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏറെ പ്രേക്ഷകരെ നേടിക്കഴിഞ്ഞു. യുവഗായകൻ അയ്റാന്റെ ശബ്ദത്തിലൂടെ പ്രേക്ഷകർ കേട്ട ഗാനത്തിന് വരികൾ ഒരുക്കിയത് സാം മാത്യുവാണ്. സംഗീതം ശ്രീചരൺ പക്കാല നിർവഹിച്ചിരിക്കുന്നു.

2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പ്രമേയമാക്കിയുള്ള ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത് അദിവി ശേഷ് ആണ്. സെയ് മഞ്ജരേക്കര്‍ ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read also; ഇത് ലാലേട്ടന്റെ ബറോസ്; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും ഉൾപ്പെടെ ചിത്രം പുറത്തിറങ്ങും.

2008 നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.

മലയാളിയായ സന്ദീപ് കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം ജൂലൈ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

Story highlights: Sandeep Unnikrishnan Major Movie Pon Malare song