“എന്നെ ഞാനാക്കിയ രാജസ്ഥാന് വേണ്ടി കപ്പുയർത്തണം”; ഐപിഎൽ ഫൈനലിലെ പ്രതീക്ഷകൾ പങ്കുവെച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ
10 വർഷം മുൻപാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിൽ അരങ്ങേറുന്നത്. കൗമാര താരമായി ടീമിലെത്തിയ താരം രാഹുൽ ദ്രാവിഡ് എന്ന ഇതിഹാസത്തിന്റെ ശിക്ഷണത്തിലാണ് രാജസ്ഥാനിൽ കളിച്ചു തുടങ്ങുന്നത്. ഇന്ന് വർഷങ്ങൾക്കിപ്പുറം ലോകമെങ്ങുമുള്ള രാജസ്ഥാൻ റോയൽസ് ആരാധകർ ആവേശത്തോടെ ഉറ്റു നോക്കുന്ന നായകനാണ് സഞ്ജു സാംസൺ.
ഇന്ന് ഐപിഎൽ ഫൈനലിൽ സഞ്ജു കിരീടം ഉയർത്താൻ കാത്തിരിക്കുന്നത് രാജസ്ഥാൻ ആരാധകർ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികൾ കൂടിയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളി നായകൻ നയിക്കുന്ന ടീം ഫൈനലിലെത്തുന്നത്. അതിനാൽ തന്നെ മലയാളികളും ഇന്ന് തങ്ങളുടെ സ്വന്തം ടീമിനെ പോലെയാണ് രാജസ്ഥാന് വേണ്ടി ആർപ്പുവിളിക്കുന്നത്.
ഇപ്പോൾ ഇന്നത്തെ ഫൈനൽ മത്സരത്തെ പറ്റി സഞ്ജു പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ക്രിക്കറ്റ് കരിയറിലുണ്ടായ ഉയർച്ചകളെല്ലാം രാജസ്ഥാൻ റോയൽസാണ് നൽകിയതെന്നും അതിന് പകരം നൽകാനുള്ള അവസരമായാണ് താൻ ഈ മത്സരത്തെ കാണുന്നതെന്നുമാണ് സഞ്ജു പറയുന്നത്. കിരീടത്തിനായി ടീം കാത്തിരിക്കുകയാണെന്നും അതിന് വേണ്ടി തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്കാണ് ഐപിഎൽ ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുന്നത്.
അതേ സമയം മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7 വിക്കറ്റിന് തകർത്ത് വമ്പൻ വിജയം നേടിയാണ് രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറിലാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ തകർത്തത്. ഒന്നാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാനെ തോൽപ്പിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്.
Story Highlights: Sanju samson opens up about his hopes for the final