ഫൈനലിൽ ജോസ് ബട്ലറിനെ കാത്തിരിക്കുന്നത് സർവകാല റെക്കോർഡ്; മറികടക്കാൻ പോകുന്നത് വിരാട് കോലിയുടെ 6 വർഷം പഴക്കമുള്ള റെക്കോർഡ്

May 28, 2022

നാളത്തെ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും സീസണിലുടനീളം മികച്ച പ്രകടനം തന്നെയാണ് കാഴ്‌ചവെച്ചത്.

അരങ്ങേറ്റ സീസണിൽ തന്നെ ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. അതേ സമയം ഐപിഎല്ലിന്റെ പ്രഥമ സീസണിൽ നേടിയ കിരീടവിജയം ആവർത്തിക്കാനാണ് രാജസ്ഥാൻ നാളെ ഇറങ്ങുന്നത്.

രാജസ്ഥാന്റെ പ്രതീക്ഷകളത്രയും സൂപ്പർ ബാറ്ററായ ജോസ് ബട്ലറിലാണ്. തകർപ്പൻ പ്രകടനമാണ് ബട്ലർ സീസണിലുടനീളം ടീമിന് വേണ്ടി കാഴ്‌ചവെച്ചത്. ബാംഗ്ലൂരിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ബട്ലറിന്റെ തകർപ്പൻ സെഞ്ചുറിയാണ് രാജസ്ഥാനെ വമ്പൻ വിജയത്തിലേക്ക് നയിച്ചത്.

ഫൈനൽ മത്സരത്തിൽ ബട്ലറിനെ കാത്തിരിക്കുന്നത് മറ്റൊരു വമ്പൻ റെക്കോർഡാണ്. ഫൈനലിൽ ഒരു സെഞ്ചുറി കൂടി നേടാനായാൽ ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമാവാനുള്ള അവസരമാണ് ബട്ലറിനെ കാത്തിരിക്കുന്നത്. നാല് സെഞ്ചുറിയാണ് ഈ സീസണിൽ ബട്ലറിന്റെ പേരിലുള്ളത്. ഒരു സീസണിൽ നാല് സെഞ്ചുറികൾ നേടിയ മറ്റൊരു താരം വിരാട് കോലിയാണ്. 2016 ഐപിഎൽ സീസണിൽ കോലി നേടിയ റെക്കോർഡ് മറികടക്കാനുള്ള അവസരമാണ് ഇപ്പോൾ ബട്ലറിനുള്ളത്.

Read More: ‘മഹാനായ ഷെയ്ൻ വോൺ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു, ഫൈനലിന് എല്ലാ ആശംസകളും’; രാജസ്ഥാൻ ആരാധകരുടെ മനസ്സ് നിറച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ട്വീറ്റ്

ഇന്നലെ നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 7 വിക്കറ്റിന് തകർത്ത് വമ്പൻ വിജയം നേടിയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് പ്രവേശിച്ചത്. 60 പന്തിൽ പുറത്താവാതെ 106 റൺസ് നേടിയ ജോസ് ബട്ലർ തന്നെയായിരുന്നു കളിയിലെ താരം.

Story Highlights: Huge record awaits jos buttler at ipl final