‘മഹാനായ ഷെയ്ൻ വോൺ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു, ഫൈനലിന് എല്ലാ ആശംസകളും’; രാജസ്ഥാൻ ആരാധകരുടെ മനസ്സ് നിറച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ട്വീറ്റ്

May 28, 2022

രാജസ്ഥാൻ റോയൽസ് ഈ സീസണിലെ വിജയങ്ങളൊക്കെ തങ്ങളുടെ മുൻ നായകൻ ഷെയ്ൻ വോണിനാണ് സമർപ്പിക്കുന്നത്. ഇപ്പോൾ ലോകം മുഴുവനുള്ള രാജസ്ഥാൻ റോയൽസ് ആരാധകരെ ആവേശത്തിലാക്കിയാണ് ടീം ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഈ വിജയവും തങ്ങളുടെ പ്രിയപ്പെട്ട ‘വോണിക്കാണ്’ സഞ്ജു സാംസണും സംഘവും സമർപ്പിച്ചത്.

എന്നാലിപ്പോൾ ഫൈനലിലേക്ക് പ്രവേശിച്ച രാജസ്ഥാൻ ടീമിന് ആശംസകളേകി ബാംഗ്ലൂർ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ച ഒരു ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ഇന്നലത്തെ മത്സരത്തിൽ ബാംഗ്ലൂരിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. അതിനാൽ തന്നെ ആർസിബിയുടെ ട്വീറ്റ് വലിയ ആവേശത്തോടെയാണ് രാജസ്ഥാൻ ടീമും ഐപിഎൽ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നന്നായി കളിച്ചുവെന്നും മഹാനായ ഷെയ്ൻ വോൺ ഇപ്പോൾ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവുമെന്നുമാണ് ആർസിബി ട്വീറ്റ് ചെയ്‌തത്‌. ഫൈനലിന് ആശംസകൾ നേരാനും ബാംഗ്ലൂർ മറന്നില്ല.

കഴിഞ്ഞ മാർച്ച് 4 നാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഷെയ്ൻ വോണിന്റെ മരണ വാർത്ത പുറത്തു വരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന്‍ വോൺ മരിച്ചത്. തായ്‌ലൻഡിൽ വച്ചാണ് 52 കാരനായ താരത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്. ഓസ്‌ട്രേലിയക്ക് വേണ്ടി 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയിട്ടുള്ള ഷെയ്ന്‍ വോൺ ലോകം കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളായിരുന്നു. ഐപിഎല്ലിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ച നായകൻ കൂടിയായിരുന്നു ഷെയ്ന്‍ വോൺ.

Read More: മലയാളി നായകൻറെ ഫൈനലിന് അരങ്ങൊരുങ്ങുന്നു; ബാംഗ്ലൂരിനെ 7 വിക്കറ്റിന് കീഴടക്കി സഞ്ജുവിന്റെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ

അതേ സമയം മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 7 വിക്കറ്റിന് തകർത്ത് വമ്പൻ വിജയം നേടിയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലിൽ ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളികൾ.

Story Highlights: Rcb congratulates rajasthan on their victory