തന്നെ ഏറെ ബുദ്ധിമുട്ടിച്ച പേസ് ബൗളറെ പറ്റി വിരേന്ദർ സെവാഗ്; പക്ഷെ അത് അക്തറും ബ്രെറ്റ് ലീയുമല്ല
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് വിരേന്ദർ സെവാഗ്. ഒരു സമയത്ത് സച്ചിനും സെവാഗും കൂടി ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് കാണാൻ കാത്തിരിക്കുമായിരുന്നു ആരാധകർ. തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ശ്രദ്ധേയനായ സെവാഗ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു ബാറ്റ്സ്മാൻ കൂടിയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യത്തെ ട്രിപ്പിൾ സെഞ്ചുറി നേടിയതും സെവാഗ് തന്നെയായിരുന്നു.
ഇപ്പോൾ താൻ നേരിടാൻ ഏറെ ബുദ്ധിമുട്ടിയിട്ടുള്ള പേസ് ബൗളർ ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെവാഗ്. എന്നാൽ ആരാധകർ കരുതിയത് പോലെ പാകിസ്ഥാൻ താരം ഷൊയ്ബ് അക്തറോ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീയോ ആയിരുന്നില്ല സെവാഗ് നേരിടാൻ ഏറെ ബുദ്ധിമുട്ടിയ പേസ് ബൗളർ.
ന്യൂസിലൻഡ് താരം ഷെയ്ന് ബോണ്ടാണ് താൻ നേരിടാൻ ഒരുപാട് ബുദ്ധിമുട്ടിയ പേസ് ബൗളർ എന്നാണ് സെവാഗ് പറയുന്നത്. ബോണ്ടിന്റെ പന്തുകൾ നേരെ ശരീരത്തിലേക്ക് സ്വിങ് ചെയ്തു വരുമായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. ഓഫ് സ്റ്റംപിന് പുറത്തു പിച്ച് ചെയ്യുന്ന പന്തുകൾ പോലും ദേഹത്തേക്ക് വരുമായിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേർത്തു.
അതേ സമയം ബ്രെറ്റ് ലീയുമായി താരതമ്യം ചെയ്യുമ്പോൾ അക്തറിനെ നേരിടാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്നാണ് സെവാഗ് പറയുന്നത്. ഇരു താരങ്ങളുടെയും ബൗളിംഗ് ആക്ഷനെ കുറിച്ചും സെവാഗ് ഈ വേളയിൽ സംസാരിച്ചു.
“ബ്രറ്റ് ലീയുടെ കൈകള്‍ നേരെയാണ്. അതുകൊണ്ട് തന്നെ അനായാസം പന്തുകൾ നേരിടാൻ സാധിക്കും. എന്നാല്‍ അക്തറിന്റെ കാര്യത്തില്‍ എവിടെ നിന്നാണ് പന്ത് വരുന്നതെന്ന് അറിയാന്‍ സാധിക്കില്ല. ബ്രെറ്റ് ലീയെ നേരിടുമ്പോള്‍ എനിക്ക് പേടിയില്ലായിരുന്നു. എന്നാല്‍ ഷൊയ്ബിനെതിരെ അങ്ങനെയല്ലായിരുന്നു. അദ്ദേഹത്തെ തുടര്‍ച്ചയായി ബൗണ്ടറി നേടിയാല്‍ അടുത്ത തവണ അദ്ദേഹം ബീമറോ യോര്‍ക്കറോ എറിയും” – സെവാഗ് പറഞ്ഞു.
Story Highlights: Sehwag reveals the toughest fast bowler he has faced