‘കാതരാക്ഷി കാന്തയായി..’- ഹസ്തമുദ്രകളാൽ നൃത്തം ചെയ്ത് ശോഭന
ഇന്ത്യൻ വംശജർ ഏറെ വിലമതിക്കുന്ന ഒന്നാണ് നൃത്തം. ഇന്ത്യയിലെ എല്ലാ ക്ലാസിക്കൽ നൃത്തരൂപങ്ങളിലും ഉപയോഗിക്കുന്ന സംഗീതം, ആഭരണങ്ങൾ, വർണ്ണാഭമായ വസ്ത്രങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ ഊർജ്ജസ്വലമായ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. നൃത്തത്തെ ഒരു ഉപാസനയായി കാണുന്ന ഒട്ടേറെ നർത്തകരുണ്ട്. അവരിൽ മലയാളികൾക്ക് ഏറെ സുപരിചത മുഖം നടി ശോഭനയുടേതാണ്.
ചെറുപ്പംമുതൽ നൃത്തം അഭ്യസിക്കുന്ന ശോഭന, അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിട്ടും നൃത്തത്തെ കൈവെടിഞ്ഞില്ല. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വിവിധ നൃത്തരൂപങ്ങളിലൂടെ സജീവമാണ് താരം. കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി ചെന്നൈയിൽ തിരക്കിലാണെങ്കിലും ശോഭന നൃത്ത വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ല.
ഇപ്പോഴിതാ, ഹസ്തമുദ്രകളാൽ നൃത്തം ചെയ്ത് വിസ്മയിപ്പിക്കുകയാണ് നടി. ‘കാതരാക്ഷി കാന്തയായി..’ എന്ന ശൃംഗാര പദത്തിനാണ് നടി നൃത്തം ചെയ്യുന്നത്. ശോഭനയ്ക്കൊപ്പം വിദ്യാർത്ഥികളും കലാർപ്പണയിലെ അധ്യാപകരുമുണ്ട്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മാന്ത്രികത നിലനിർത്തുന്ന താരമാണ് ശോഭന. കലയെ ഉപാസനാമൂർത്തിയായി കാണുന്ന നടി അഭിനയത്തേക്കാൾ പ്രാധാന്യം നൽകുന്നത് നൃത്തത്തിലാണ്.
Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ
ഒരു അവിസ്മരണീയ അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രതിഭ തുടങ്ങി ശോഭനയ്ക്ക് മുതൽകൂട്ടായ വിശേഷണങ്ങൾ ധാരാളമാണ്. സമൂഹമാധ്യമങ്ങളിലൂടെ ശോഭനയെന്ന അധ്യാപികയെയും ആരാധകർ അടുത്തറിഞ്ഞുകഴിഞ്ഞു. നൃത്തത്തിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയ ശോഭന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ ഗംഗ അല്ലെങ്കിൽ നാഗവല്ലി എന്ന കഥാപാത്രത്തിലൂടെയാണ് എന്നും ഓർമ്മകളിൽ നിറയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള താരമാണ് ശോഭന.
Story highlights- shobhana dancing with hasthamudras