ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരൻ നേപ്പാളിൽ; ഉയരം 2 അടി 4.9 ഇഞ്ച്
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരനായി നേപ്പാളി സ്വദേശി. നേപ്പാളിലെ സിന്ധുലി ജില്ലയിൽ നിന്നുള്ള ഡോർ ബഹാദൂർ ഖപാംഗി ആണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരൻ. പതിനേഴുകാരനായ ഡോർ ബഹാദൂറിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന് ശരാശരി 73.43 സെന്റീമീറ്റർ (2 അടി 4.9 ഇഞ്ച്) ഉയരമുണ്ട്. 2004 നവംബർ 14നാണ് ഡോർ ബഹാദൂർ ജനിച്ചത്. 2022 മാർച്ച് 23-ന് നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ഈ റെക്കോർഡിനായുള്ള അളവെടുപ്പ് നടന്നത്.
റെക്കോർഡ് കിട്ടിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചതെല്ലാം സഹോദരനാണ്. ക്യാമറയ്ക്ക് മുന്നിൽ നാണം കുണുങ്ങിയായ സഹോദരൻ അദ്ദേഹത്തിന്റെ വക്താവായി പ്രവർത്തിച്ചു. കർഷകരായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ഡോർ ബഹാദൂർ താമസിക്കുന്നത്. ഗ്രാമത്തിലെ ഒരു സ്കൂളിൽ പഠിക്കുന്നുമുണ്ട്.
‘ഡോർ ബഹാദൂർ ജനിച്ചപ്പോൾ എല്ലാം സാധാരണ നിലയിലായിരുന്നു. എന്നിരുന്നാലും, ഏഴ് വയസ്സ് മുതൽ അവൻ വളർന്നില്ല. അവന്റെ സമപ്രായക്കാർ വളർന്നു, പക്ഷേ ഡോർ ബഹാദൂർ വളർന്നില്ല. എന്തുകൊണ്ടെന്ന് ഞങ്ങൾക്ക് അറിയില്ല’- സഹോദരൻ പറയുന്നു.. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ അംഗീകാരം തന്റെ സഹോദരന്റെ വിദ്യാഭ്യാസത്തിന് കൂടുതൽ സഹായകമാകുമെന്ന് ആണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
Read Also: മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം
നേപ്പാളിന്റെ തന്നെ ഖഗേന്ദ്ര ഥാപ്പ മഗറായിരുന്നു മുമ്പ് ഈ റെക്കോർഡ് നേടിയിരുന്നത്. 1992 ഒക്ടോബറിൽ ജനിച്ച ഖഗേന്ദ്രയ്ക്ക് 65.58 സെന്റീമീറ്റർ (2 അടി 1.8 ഇഞ്ച്) ആയിരുന്നു. ഖഗേന്ദ്രയ്ക്ക് 18 വയസ്സ് തികഞ്ഞ ശേഷം, ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനായി മാറി. 2020-ൽ 27-ാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.
Story highlights- shortest teenager by Guinness World Records