ചില്ലറക്കാരനല്ല ഫാദർ എബി കപ്പൂച്ചിൻ; പ്രേക്ഷകരിലേക്കെത്തിയ ‘വരയൻ’- റിവ്യൂ

May 20, 2022

സിനിമ പ്രേമികൾക്ക് വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ. ഒരു വൈദികൻ തിരക്കഥ ഒരുക്കിയ സിനിമ എന്ന അപൂർവതയോടെ വരയൻ പ്രേക്ഷകരിലേക്കെത്തുമ്പോൾ ചിത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണങ്ങളും ഏറെയാണ്.

ഒരു യഥാർത്ഥ സംഭവത്തിന്റെ പിൻബലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിജു വിൽസൺ എന്ന യുവനടനെ പ്രേക്ഷകർ ഈ ചിത്രത്തിലൂടെ ഹൃദയത്തിലേറ്റുമെന്നുറപ്പ്. ഫാദർ എബി കപ്പൂച്ചിനായി മികച്ച പ്രകടനമാണ് സിജു വിൽസൺ സിനിമയിൽ കാഴ്ചവയ്ക്കുന്നതെന്ന് എടുത്തുപറയാതെ വയ്യ.

ഗുണ്ടകളും കൊലയാളികളും വിളയാടുന്ന ഒരു ഗ്രാമം, കാഴ്ച്ചയിൽ അതിഗംഭീരമെങ്കിലും പൊലീസുകാർ പോലും കടന്നുചെല്ലാൻ മടിക്കാത്ത ഒരു ഗ്രാമം, അത്തരമൊരു ഗ്രാമത്തിലെ പള്ളി വികാരിയായി ഫാദർ എബി കപ്പൂച്ചിൻ എത്തിപ്പെടുന്നതും പിന്നീട് അവിടെ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.

ഗ്രാമത്തിലെ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിച്ചും, കൈയിൽ കിട്ടുന്നതെന്തും കുടിക്കുന്ന ആളുകളോട് യഥാർത്ഥ കള്ള് കുടിക്കാൻ പറയുകയും, ചീട്ടുകളിക്കുന്ന ചേട്ടന്മാരോട് കളിയിൽ കള്ളക്കളി പാടില്ലെന്നും പറയുന്നതാണ് എബിയച്ചന്റെ സുവിശേഷം. പള്ളിമേട ചിലപ്പോഴൊക്കെ കള്ളന്മാരുടെയും കൊലപാതകികളുടെയും ഒളിത്താവളമായി വരെ മാറാറുണ്ട്. അപ്പോഴും കൈയുംകെട്ടി നോക്കിനിൽക്കാനേ എബിയച്ചന് കഴിയാറുള്ളു. തന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വൈദികൻ പക്ഷെ ദേവാലയം കള്ളന്മാരുടെയും കൊലപാതകികളുടെയും ഒളിത്താവളമായി മാറുമ്പോൾ അവിടെ മറ്റൊരാളായി മാറുകയാണ്.

മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നവർ പാവങ്ങൾക്ക് പള്ളിയും അച്ചനും എങ്ങനെയായിയിരിക്കണം എന്നും പറയുന്നുണ്ട് ഈ കൊച്ചുചിത്രം. ഇതുവരെ നാം കാണാത്ത, എന്നാൽ ഒരു നല്ല വൈദികൻ എങ്ങനെയാകണം എന്ന് കൂടി പറഞ്ഞുവയ്ക്കുന്ന ചിത്രമാണ് വരയൻ. തന്റെ പ്രിയ ജനത്തിന്റെ പാപങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ ചിലയിടങ്ങളിലെങ്കിലും എബിയച്ചനും ഓർമിപ്പിക്കാതിരുന്നില്ല.

Read also: കലാഭവൻ മണിയുടെ പാട്ടുമായി വീണ്ടും ശ്രീഹരി; പവർഫുൾ പെർഫോമൻസെന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി

ചിത്രത്തിലെ ജിജോ ജോസഫിന്റെ സംവിധായക മികവും എടുത്തുപറയേണ്ടതുതന്നെ. ഒപ്പം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ സംവിധായകന്റെ കഴിവും അഭിനന്ദനാർഹം. സിജുവിനൊപ്പം മണിയൻ പിള്ള രാജുവും മാസ്റ്റർ ഡാവിഞ്ചി സന്തോഷും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളോട് നൂറ് ശതമാനവും നീതി പുലർത്തിയിട്ടുണ്ട്. ഒപ്പം ലിയോണ ലിഷോയ്, ജൂഡ് ആന്റണി, വിജയരാഘവൻ, ബിന്ദു പണിക്കർ, ജോയ് മാത്യു, ജയശങ്കര്‍, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ച ഓരോത്തരും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ചു.

സിനിമ ആവശ്യപ്പെടുന്ന മിതത്വം ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിനോട് പൂർണമായും നീതി പുലർത്തിക്കൊണ്ടാണ് ഛായാഗ്രാഹകൻ രജീഷ് രാമനും എഡിറ്റർ ജോൺകുട്ടിയും അടക്കമുള്ളവർ പ്രവർത്തിച്ചിരിക്കുന്നത്. അതേസമയം ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’. രണ്ടര മണിക്കൂർ എബിയച്ചനും കൂട്ടരും പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുമെന്നുറപ്പ്.

Story highlights: Varayan Movie Review

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!